Food Kerala

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ചു; സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍ സബ്‌സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

അന്വേഷണത്തില്‍ നാല് സാധനങ്ങള്‍ മാത്രമാണ് ഇല്ലാതിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോതപണം ഉന്നയിച്ചിരുന്നു. സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അവശ്യസാധനങ്ങള്‍ക്ക് എട്ടു വര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു. എന്നാല്‍ സാധനങ്ങള്‍ ഉണ്ടെങ്കിലല്ലേ വില കൂടുകയുള്ളൂ എന്നാണ് പ്രതിപക്ഷ പരിഹാസം.