സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് കേരളത്തില് വോട്ടുയര്ത്താനായി എന്നത് മാത്രമാണ് ആശ്വാസം. വിജയം പ്രതീക്ഷിച്ച തലസ്ഥാനത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കില് മറ്റ് നാല് മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടാനായി. ശബരിമല പ്രശ്നം ഉയർത്തി പോരാടിയ പത്തനംതിട്ട കൈവിട്ടത് തിരിച്ചടിയുമായി.
നാളുകൾക്ക് മുൻപേ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചായിരുന്നു കേരളത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇതിനിടയിൽ വന്നു വീണ ശബരിമല യുവതി പ്രവേശന പ്രശ്നം ആയുധമാക്കി പോരാടി. പക്ഷേ സീറ്റ് നേടുകയെന്നത് മോഹത്തിലൊതുങ്ങി. അപ്പോഴും വോട്ടുയർത്താനായത് ആശ്വാസമായാണ് കാണുന്നത്. ബി.ജെ.പി ഏറെ ആരവമുയർത്തി മത്സരിച്ച പത്തനംതിട്ടയിൽ മൂന്ന് ലക്ഷത്തിനടുത്തെത്താനായി. സ്റ്റാർ കാമ്പയിനിംഗിലൂടെ ശ്രദ്ധ നേടിയ സുരേഷ്ഗോപി തൃശൂരിൽ 2,93,822 വോട്ട് നേടി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പോരടിച്ച ആറ്റിങ്ങലിൽ രണ്ടര ലക്ഷത്തോളം വോട്ടാണ് നേടിയത്. ബി.ജെ.പി ലക്ഷ്യം വച്ച പാലക്കാട് രണ്ട് ലക്ഷം കടന്നു. വിജയം ലക്ഷ്യം വച്ച് നേരത്തേ തന്നെ രംഗത്തിറങ്ങിയ പി.സി തോമസ് കോട്ടയത്ത് ഒന്നര ലക്ഷം പിന്നിട്ടു. ആലപ്പുഴയിലും ചാലക്കുടിയിലും കോഴിക്കോടും കാസർകോട്ടും എൻ.ഡി.എക്ക് ഒന്നര ലക്ഷത്തിൽ പരം വോട്ടാണ് സ്വന്തമാക്കാനായത്. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് എറണാകുളത്ത് ലഭിച്ചത് 1,37,749 വോട്ടാണ്.
വടകരയിലും കണ്ണൂരും ബി.ജെ.പിയുടെ പ്രകടനം മോശമായത് അടുത്ത ദിവസങ്ങളിൽ ചർച്ചയാകും. ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച വോട്ട് ലഭിക്കാതെ പോയത് എൻ.ഡി.എയിൽ പ്രശ്നം സൃഷ്ടിക്കും. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സമ്മർദ്ദത്താൽ വയനാട് ചുരം കയറിയ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാവേലിക്കരയിൽ മത്സരിച്ച തഴവാ സഹദേവനാണ് ഒരു ലക്ഷം കടക്കാനായത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പാളിച്ച സംബന്ധിച്ച ചർച്ചകളിലേക്കാവും ഇനി ബി.ജെ.പി കടക്കുകയെന്നാണ് സൂചന.