ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്റ്റെര്‍ലിങ് തുടങ്ങിയ കൊമ്പന്മാരെ ഇറക്കി എളുപ്പം ജയിച്ചു മടങ്ങാമെന്ന ഇംഗ്ലണ്ട് മോഹത്തെ പൊളിച്ചടുക്കുന്നതായി ഇന്നത്തെ അമേരിക്കൻ പ്രകടനം. മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി യുഎസ്എ.
അൽ-ബൈത് മൈതാനത്ത് തുടക്കം മുതല്‍ യുഎസ് ബോക്സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ ലഭിച്ച അവസരം ഹാരി കെയ്നിന് വലയിലെത്തിക്കാനായില്ല. സ്റ്റെർലിങ്ങിന്റെ അറ്റാക്കിങ് റണ്ണിനൊടുവിൽ സാക്ക പാസ് ചെയ്ത പന്ത് ഹാരി വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വാക്കർ സിമ്മർമാന്റെ നിർണായക ഇടപെടൽ അമേരിക്കയ്ക്ക് രക്ഷയായി.
പ്രതിരോധത്തിൽ ഊന്നൽ നൽകുമ്പോഴും ഇംഗ്ലണ്ട് ഗോൾ മുഖത്തേക്ക് പന്തെത്തിക്കാൻ യുഎസ്എക്കായി. 26 ആം മിനിറ്റിൽ തിമോത്തി വിയയുടെ ക്രോസിൽ നിന്നുളള അവസരം വെസ്റ്റൺ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു. 33 ആം മിനിറ്റിൽ ഗോൾ എന്നുറപ്പിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക്. ആദ്യ പകുതി ഗോൾ രഹിതം. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള തുടർച്ചയായ ശ്രമങ്ങൾ യുഎസ് മുന്നേറ്റനിര പുറത്തെടുത്തു.
രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേര്‍സന്‍, ജാക്ക് ഗ്രീലിഷ് എന്നിവർ കളിത്തിലിറക്കിയിട്ടും യുഎസിന്റെ പ്രതിരോധമതില്‍ തകര്‍ക്കാന്‍ അവര്‍ക്കായില്ല. അമേരിക്കൻ നീക്കങ്ങളേറെ കണ്ട മൈതാനത്ത് അവസാന മിനിറ്റുകളിൽ ഗോളി പിക്ഫോഡിനും ഇംഗ്ലീഷ് പ്രതിരോധത്തിനും പണി എളുപ്പമായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.