Kerala

നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കാം, പക്ഷേ പൂക്കള്‍ നശിപ്പിക്കരുത്; കര്‍ശന നടപടിയെന്ന് വനംവകുപ്പ്

ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടായതോടെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന ആ അത്ഭുതം കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാന്തന്‍പാറ കള്ളിപ്പാറ മലമുകളില്‍ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കണ്ട് ആസ്വദിക്കുക മാത്രമല്ലാതെ നീലക്കുറിഞ്ഞി പൂക്കള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. പൂപറിക്കുകയോ പിഴുതെടു ക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികളും സ്വീകരിക്കും.

സഞ്ചാരികളുടെ തിരക്ക് ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിനുള്ള സമയത്തിനും വാഹനങ്ങള്‍ക്കും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വന്യമൃഗങ്ങള്‍ സൈ്വര്യമായി വിഹരിക്കുന്ന സ്ഥലമായതിനാല്‍ ശാന്തന്‍പാറയിലേക്കുള്ള പ്രവേശനം രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.