ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഏകദിന റാങ്കിംഗിൽ മന്ദന ഏഴാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി-20 മത്സരങ്ങളിൽ നിന്ന് 111 റൺസാണ് മന്ദന അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മന്ദന രണ്ടാം റാങ്കിലെത്തുകയായിരുന്നു. ആദ്യ ഏകദിന മത്സരത്തിൽ 91 റൺസെടുത്ത മന്ദന മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തും എത്തി. ടി-20യിൽ ഓസീസ് താരം ബെത്ത് മൂണിയും ഏകദിനത്തിൽ മറ്റൊരു ഓസീസ് താരം അലിസ ഹീലിയുമാണ് ആദ്യ സ്ഥാനത്ത്. ഏകദിനത്തിൽ മൂണി രണ്ടാമതുണ്ട്. ടി-20യിൽ ഇന്ത്യയുടെ ഷഫാലി വർമ ആറാം സ്ഥാനത്താണ്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഏകദിന റാങ്കിങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം നിലവിൽ ഒൻപതാം റാങ്കിലാണ്. ടി-20 ബൗളർമാരുടെ പട്ടികയിൽ ഏഴാമതുള്ള ദീപ്തി ശർമയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. രേണുക സിംഗ് പത്താം സ്ഥാനത്തുണ്ട്. ഏകദിനത്തിൽ ഝുലൻ ഗോസ്വാമി അഞ്ചാമതും രാജേശ്വരി ഗെയ്ക്വാദ് ഏഴാമതുമുണ്ട്. ഏകദിന, ടി-20 റാങ്കിംഗിൽ ഇംഗ്ലണ്ട് താരം സോഫി എക്ലസ്റ്റൺ ആണ് ഒന്നാമത്.