രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ധിഖ് എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തിരുന്നു. കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ, സ്‌മിബിൻ സംഘർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. പൊലീസിന് മാർച്ചിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ക്വട്ടേഷൻ എസ്എഫ്ഐ ഏറ്റെടുത്തു. ബഫർ സോണും എസ്എഫ്ഐയും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യങ്ങൾ സിപിഐഎം ചെയ്യുന്നുവെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്.
അനുവാദം ഇല്ലാതെയാണ് എസ്എഫ്ഐ മാർച്ച് നടത്തിയതെന്നും തെറ്റുകാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീക്കൊപ്പം എ.കെ.ജി സെന്ററിൽ എത്തിയപ്പോഴായിരുന്നു വി.പി സാനുവിന്റെ പ്രതികരണം.