India Kerala

ഫാനി ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത

സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടലില്‍ മീന്‍ പ്[ഇടിക്കാന്‍ പോയവരോട് തിരികെവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു.

ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26 ന് അതിരാവിലെ 12 മണിക്ക് മുമ്ബ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവുമെന്നും 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗം കൈവരിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരം തീരത്ത് കടലാക്രമണം രൂക്ഷമാണ്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളില്‍ വെള്ളം കയറി. തുറമുഖ വകുപ്പിന്‍റെ ഓഫീസ് തിരമാലയില്‍ തകര്‍ന്നു.