Kerala

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ 6 ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്.

ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു. 42 ബ്ലഡ് ബാങ്കുകളിലും രക്തഘടകങ്ങളുടെ വേര്‍തിരിക്കല്‍ സാധ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യം. 33 ഇടത്താണ് ഇത് സാധ്യമായത്. 4 ഇടങ്ങളില്‍ക്കൂടി സജ്ജമാക്കിയിട്ടുണ്ട്. 2025 ഓടെ എല്ലായിടത്തും ഇത് സജ്ജമാക്കുന്നതാണ്.

ഒരു പരിചയമില്ലാത്ത ഒരാള്‍ക്ക് വേണ്ടി രക്തം ദാനം ചെയ്യുന്നത് മഹത്തരമായ കാര്യമാണ്. ഡിവൈഎഫ്‌ഐ ഏറ്റവുമധികം രക്തം ദാനം ചെയ്യുന്ന യുവജന പ്രസ്ഥാനമാണ്. ബ്ലഡ് ഡോണേഴ്‌സ് കേരളയാണ് കൂടുതല്‍ രക്തം ദാനം ചെയ്യുന്ന മറ്റൊരു പ്രമുഖ സംഘടന. സംസ്ഥാന പൊലീസ് സേനയും രക്തം ദാനത്തിന് വലിയ ശ്രമം നടത്തുന്നു. പ്രതിഫലേച്ഛയില്ലാതെയാണ് രക്തം നല്‍കുന്നത്. ഇവര്‍ ആരോഗ്യ രംഗത്ത് നല്‍കുന്ന സേവനം എടുത്ത് പറയേണ്ടതാണ്. മൂന്ന് മാസത്തിലൊരിക്കല്‍ 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു.