Gulf

ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി

ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്.
ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ – ബയോഎന്‍ടെക് വാക്‌സിനായിരിക്കും നാലാം ഡോസായി നല്‍കുക.

ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാവാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ശേഷി ഉറപ്പുവരുത്താന്‍ ലോകത്ത് പല രാജ്യങ്ങളും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, അവയവ മാറ്റത്തിന് വിധേയമാവുകയും അതിനെ തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂലകോശം മാറ്റിവെയ്ക്കുന്ന ചികിത്സയ്ക്ക് വിധേയമാവുകയും തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, ചില പ്രത്യേക രോഗങ്ങള്‍ കാരണം പ്രാഥമികമായ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗുരുതരമായ എച്ച്.ഐ.വി രോഗബാധിതര്‍, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്നവര്‍, ഗുരുതരമായ വൃക്ക രോഗം ഉള്‍പ്പെടെ ചില അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് നാലാം ഡോസ് വാക്‌സിന്‍ നല്‍കുക. നാലാം ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക് 4027 7077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനെ ബന്ധപ്പെട്ടും അപ്പോയിന്റ്‌മെന്റ് എടുക്കാം.