Kerala

‘ലക്ഷ്യം റിയാസിനെ മുഖ്യമന്ത്രിയാക്കല്‍’; കോടിയേരിയുടെ പരാമര്‍ശം പിണറായിയുടെ താല്‍പര്യം കണ്ടറിഞ്ഞെന്ന് മുരളീധരന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞാണെന്ന ആക്ഷേപവുമായി കെ മുരളീധരന്‍ എംപി. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുന്നതിനാണ് കോടിയേരി വര്‍ഗീയ പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹത്തിന് പ്രത്യേക അജണ്ടയുണ്ടെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും മന്ത്രിസഭയുടെ ചരട് കൈയ്യിലിരിക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ നീക്കമെന്നും മുരളീധരന്‍ പറഞ്ഞു. നരേന്ദ്ര മോദിക്കുവേണ്ടി അമിത് ഷാ സംസാരിക്കുന്നതുപോലെ പിണറായി വിജയനുവേണ്ടി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് റിയാസിനെ തങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കാറില്ലെന്നും ചെറുപ്പക്കാരനായ അദ്ദേഹത്തിന് അധികാരങ്ങള്‍ ലഭിക്കുന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. പക്ഷേ റിയാസിനെ ലക്ഷ്യം വെച്ച് വര്‍ഗീയത പറയുന്നത് എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. സമുദായ സമവാക്യങ്ങള്‍ കോണ്‍ഗ്രസ് എപ്പോഴും പരിഗണിക്കാറുണ്ട്. കഴിവിനൊപ്പം സമുദായ സമവാക്യം കൂടി കണക്കിലെടുത്താണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയതെന്നും കെ മുരളീധരന്‍ വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിലും ക്രമസമാധാന പാലനത്തിലും സര്‍ക്കാര്‍ പരാജയമാണെന്ന് വിമര്‍ശിച്ച അദ്ദേഹം കേരളത്തില്‍ ദിവസവും രണ്ടോ മൂന്നോ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ വീതം നടക്കുന്നുണ്ടെന്നും പരിഹസിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷത്തിന്റെ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായത്. ദേശീയ തലത്തിലും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തെ തഴയുന്നുവെന്ന് ആക്ഷേപിച്ച കോടിയേരി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും ആരോപിച്ചിരുന്നു.