India

ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക്

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയ്ക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു.

ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.

ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ ഇന്ന് കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നേക്കും. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. ബിജെപിയുടെ പ്രവർത്തനത്തിൽ താനും പ്രവർത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെയെന്നും മൈക്കൽ ലോബോ പ്രതികരിച്ചു. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്. മാർച്ച് 10 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.

സ്വന്തം മണ്ഡലമായ കലുങ്കട്ട്, സലിഗാവോ, സിയോലിംസ മപുസ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് ലോബോ. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മേഖലയില്‍ നേട്ടമാകും. നേരത്തെ സാംഗും മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായ പ്രസാദ് ഗോണ്‍കര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

2017 ൽ 17 അംഗങ്ങളുമായി സംസ്ഥാനത്ത് കോൺഗ്രസ്‌ ഒറ്റ കക്ഷി ആയിരുന്നെങ്കിലും 13 സീറ്റുകൾ മാത്രം നേടിയ ബിജെപി പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു. പിന്നീട് ബിജെപിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും എംഎൽഎ മാർ കൊഴിഞ്ഞു പോയതോടെ കോൺഗ്രസിന് അവശേഷിക്കുന്നത് രണ്ട് എംഎൽഎ മാർ മാത്രമാണ്.