Kerala

കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ്; എന്‍ഐഎക്ക് വിടാന്‍ പൊലീസ് ശുപാര്‍ശ

കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ് എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് ശുപാര്‍ശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണം എന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ചാരവൃത്തി സംശയിക്കുന്നതായും അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ ജോലി ചെയ്തിരുന്നതായി നേരത്തെ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.

അതേസമയം അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്ത സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മയുടെ സഹോദരന്‍മാരായ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാന്‍ പൗരനാണെന്നതു മറച്ചു വച്ചു ജോലി തരപ്പെടുത്തി നല്‍കിയതിനാണ് അറസ്റ്റ്. പ്രതിക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയാറാക്കി നല്‍കിയിരുന്നു. ഇതില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.