1993ലെ സ്‌ഫോടന പരമ്പരയിൽ വിചാരണ വൈകിപ്പിക്കുന്നതില്‍ ടാഡ കോടതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. 1993ൽ ബാബരി ധ്വംസനത്തിന്റെ ആദ്യ വാർഷികദിനത്തിൽ രാജധാനി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളിൽ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് അജ്മീറിലെ ടാഡ കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിക്കെതിരായ വിചാരണ പത്തുവർഷത്തോളം വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ടാഡ കോടതിയെ വിമർശിച്ചത്. ഹമീറുദ്ദീൻ എന്ന ഹമീദുദ്ദീന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വേഗത്തിലുള്ള വിചാരണ ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്ന് ഹമീദുദ്ദീൻ ഹരജിയിൽ വ്യക്തമാക്കി.
1993ലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് 2010 മാർച്ച് 18 മുതൽ ജയിലിൽ കഴിയുകയാണ് ഹമീദുദ്ദീൻ. എന്നാൽ, കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ഇതിനാൽ, തങ്ങളുടെ കക്ഷിക്ക് ജാമ്യം നൽകണമെന്നാണ് ഹമീദുദ്ദീനു വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകരായ ശുഐബ് ആലമും ഫാറൂഖ് റഷീദും ആവശ്യപ്പെട്ടത്.
2019 മാർച്ച് 27ന് ഹമീദുദ്ദീന് ജാമ്യം നിഷേധിച്ച പ്രത്യേക കോടതി വിധിയുടെ നിയമസാധുത അഭിഭാഷകർ ചോദ്യം ചെയ്തു. അജ്മീറിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ എന്തുകൊണ്ട് വിചാരണ ഇത്രയും നീണ്ടെന്നതിനെക്കുറിച്ചുള്ള വിശദീകരണം രണ്ട് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഇത്രയും കാലം ഹമീദുദ്ദീനെതിരെ കുറ്റം ചുമത്താനായില്ലെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ വൈകിപ്പിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. റിപ്പോർട്ട് ത്വരിതഗതിയിലാക്കാനായി കോടതി ഉത്തരവിന്റെ പ്രതി അജ്മീർ പ്രത്യേക കോടതിക്ക് നേരിട്ടും രാജസ്ഥാൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ മുഖേനയും നൽകാൻ സുപ്രീംകോടതി രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 1993 ഡിസംബർ അഞ്ച്, ആറ് തിയതികളിലാണ് കേസിനാസ്പദമായ സ്‌ഫോടന പരമ്പര നടന്നത്.
രാജധാനി എക്‌സ്പ്രസ്, ഫ്‌ളയിങ് ക്വീൻ എക്‌സ്പ്രസ്, എപി എക്‌സ്പ്രസ് എന്നിവയിൽ നടന്ന സ്‌ഫോടനങ്ങളിൽ രണ്ടു യാത്രക്കാർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് ജിആർപി കോട്ട, വൽസഡ്, കാൺപൂർ, അലഹബാദ്, മൽക്കാജ്ഗിരി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ ഒറ്റക്കേസാക്കുകയായിരുന്നു.