India

മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു; ഷില്ലോങ്ങിൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ

മേഘാലയയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ തുടരുന്നു. രാത്രിയിലും വിവിധ ഇടങ്ങളിൽ പൊലീസും കലാപകാരികളുമായി എറ്റുമുട്ടി. സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഇപ്പോഴത്തെ സാഹചര്യം മുൻ നിർത്തി ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത നേതാവ് ആയിരുന്ന ചെറിസ്റ്റർഫീൽഡ് താന്ക്യൂവിന്റെ മരണം ആണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. നിയമം കൈയിലെടുത്ത കലാപകാരികാരികൾ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും, തീവയ്പ് നടത്തുകയും ചെയ്യുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആരംഭിച്ച അക്രമങ്ങൾ സംസ്ഥാന വ്യാപകമായി മാറി. സാഹചര്യം നിയന്ത്രിക്കാനായില്ലെന്ന് പ്രഖ്യാപിച്ച് മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു. ഷില്ലോങ്ങിൽ ഞായറാഴ്ച കലാപകാരികൾ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങൾ തകർത്തു. നിരവധി സ്ഥലങ്ങളിൽ കല്ലേറും ഉണ്ടായി.

താന്ക്യൂവിന്റെ മരണത്തിന് സർക്കാരും പൊലീസുമാണ് ഉത്തരവാദികൾ എന്ന മുദ്രാവാക്യവുമായാണ് തെരുവിൽ ഇറങ്ങുന്ന പ്രക്ഷോഭകർ ഉയർത്തുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. വെള്ളിയാഴ്ചയുണ്ടായ പോലീസ് നടപടിക്കിടെയാണ് മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുന്‍ നേതാവ് ചെറിസ്റ്റർഫീൽഡ് താന്ക്യൂ കൊല്ലപ്പെട്ടത്.