Kerala

പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന പുതിയ ഉത്തരവിറക്കിയേക്കും

പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍. വനംകൊള്ള വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന.

അതേസമയം അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐ സര്‍ക്കാരിന് മുന്നില്‍ വെക്കും. പട്ടയ ഭൂമിയില്‍ വച്ച് പിടിപ്പിച്ചതും സ്വമേധയാ വളര്‍ന്ന് വന്നതുമായി മരങ്ങള്‍ ഉടമസ്ഥര്‍ക്ക് തന്നെ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാനുള്ള തീരുമാനം 2017 ആഗസ്റ്റ് മാസത്തിലാണ് സര്‍ക്കാര്‍ എടുത്തത്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അതിന് ശേഷമാണ് വിവാദമായ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള തേക്ക്, ഈട്ടി മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള അനുമതിയും ഉത്തരവിലുണ്ടായതോടെയാണ് വനം കൊള്ളസംഘം ഇത് ദുരുപയോഗം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവിറക്കുമെന്ന സൂചന മുഖ്യമന്ത്രി ഇന്നലെ നല്‍കി.

“ഉദ്ദേശ്യം വ്യക്തമാണ് കൃഷിക്കാരെ സഹായിക്കുക എന്നുള്ളതാണ്. ചില കൂട്ടര്‍ തെറ്റായി ഉപയോഗിക്കുന്ന നിലയുണ്ടായി. ചിലര്‍ വല്ലാതെ മരം മുറിച്ച് മാറ്റുന്ന അവസ്ഥയുണ്ടായി. അക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമില്ല. അതേസമയം കര്‍ഷകരുടെ ആവശ്യം പരിഗണിക്കും”.

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ റവന്യൂ, വനം, നിയമ സെക്രട്ടറിമാര്‍ പരിശോധിച്ച് പുതുക്കിയ ഉത്തരവിറക്കാനാണ് നീക്കം. മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമ്മതമാണെങ്കില്‍ മരം മുറിക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കുമെന്ന നിലപാടിലാണ് സിപിഐ.

അതേസമയം റവന്യൂ മന്ത്രി കെ രാജനും മുന്‍ റവന്യൂ വനം മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ രാജുവും ഇന്നലെ എംഎന്‍ സ്മാരകത്തിലെത്തി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫയലുകള്‍ സഹിതം കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തി. ഉത്തരവില്‍ അപാകതകളില്ലെന്ന നിഗമനത്തില്‍ സിപിഐ നേതൃത്വം എത്തിച്ചേര്‍ന്നതായാണ് വിവരം. എന്നാല്‍ സിപിഐയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് കൊണ്ട് അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐയ്ക്കുണ്ട്.