India Kerala

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ ഇത്തവണ ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് വേനല്‍ മഴയുണ്ടായത്. ഈ കാലയളവില്‍ 750 മില്ലിമിറ്റര്‍ മഴ ലഭിച്ചു. 108 ശതമാനം അധികമഴയാണ് ഇത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ 100 വർഷമായി സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തേതുമാണ്.