Gulf

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസ് യു. എ.ഇയിൽ

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു.

ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്മെന്‍റ് കമിറ്റി ചെയർപേഴ്സൻ ഡോ. നവാൽ അൽ കഅബിയാണ് വ്യക്തമാക്കിയത്. സാർസ് വൈറസുകളിൽ ജനിതകമാറ്റം സാധാരണയാണ്. എന്നാൽ, ഇത്തരം വൈറസ് ബാധക്കുള്ള ചികിൽസയും പ്രതിരോധ രീതികളും സമാനമാണ്. നിലവിലെ വാക്സിനുകളും പുതിയ ഇനങ്ങളെ പ്രതിരോധിക്കും. ചൈനയുടെ സിനോഫോം വാക്സിൻ ഒമ്പത് മുതൽ ഒരുവർഷം വരെ വൈറസിനെ പ്രതിരോധിക്കുമെന്ന് യു.എ.ഇ അധികൃതർ വ്യക്തമാക്കി. നിലവിൽ 18 വയസിന് മുകളിലുള്ളവർക്കാണ് സിനോഫാം വാക്സിൻ നൽകുന്നത്.

ചൈനയിൽ 12 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വിജയകരമാണെങ്കിൽ കുട്ടികളിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. 3,407 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ യു എ ഇയിൽ മൊത്തം രോഗബാധിതർ 2,46,376 ആയി. ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 733 ലെത്തി. ഇന്ന് 3,168 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2,18,988 ലെത്തി. ഇന്ന് 1,38,154 പേർ കൂടി വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,65,987 ആയി.