Football Sports

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സൂചന. ലോകഫുട്‌ബോളിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ കരാര്‍ കാലാവധി ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുകയാണ്. ഇതില്‍ ഒന്നാമന്‍ ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന്‍ താരം സെര്‍ജിയോ അഗ്യൂറോ, ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരുടെയും കരാര്‍ ആറു മാസത്തിനകം അവസാനിക്കും.

മെസ്സി എങ്ങോട്ടു പോകും?

ട്രാന്‍സ്ഫര്‍ വിപണിയിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിപ്പിച്ചതും മെസ്സിയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ മെസ്സി ബാഴ്‌സയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കരാര്‍ കാലാവധി അവസാനിക്കും മുമ്പ് ബാഴ്‌സയില്‍ നിന്ന് 800 ദശലക്ഷം യൂറോ ചെലവഴിച്ച് മെസ്സിയെ ടീമിലെത്തിക്കാന്‍ ലോകത്ത് വിരലിലെണ്ണാവുന്ന ടീമുകള്‍ക്കേ സാമ്പത്തിക ശേഷിയുണ്ടായിരുന്നുള്ളൂ. പണം നല്‍കാതെയുള്ള മാറ്റത്തിനാണ് മെസ്സി ആഗ്രഹിച്ചത്. എന്നാല്‍ ലാ ലാലീഗ അധികൃതര്‍ പണമില്ലാതെ കൈമാറ്റം നടക്കില്ലെന്ന നിലപാട് എടുത്തതോടെ കൂടുമാറ്റം നടക്കാതെ പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബാഴ്‌സ പ്രസിഡണ്ട് ജോസഫ് മരിയ രാജിവയ്ക്കുകയും ചെയ്തു.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ആറു മാസം കഴിയുന്നതോടെ മെസ്സിക്ക് ഫ്രീ ട്രാന്‍സ്ഫറില്‍ ഇഷ്ട ക്ലബ്ബിലേക്ക് ചേക്കേറാം. പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എങ്കിലും മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. മെസ്സിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുള്ള അപൂര്‍വ്വം ക്ലബുകളില്‍ ഒന്നാണ് സിറ്റി. കോച്ച് പെപ് ഗ്വാര്‍ഡിയോള ഇതിനായി ചരടുവലികള്‍ ആരംഭിച്ചിട്ടുമുണ്ട്.

നെയ്മറുമായുള്ള സൗഹൃദം വച്ച് പിഎസ്ജിയും മെസ്സിക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രതിവാരം 900,000 പൗണ്ട് വേതനം നല്‍കാന്‍ പിഎസ്ജി തയ്യാറാണ് എന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസ്സി എവിടെയും പോകുന്നില്ല എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.

ഓസില്‍ യുവന്റസിലേക്ക്‌?

ജര്‍മന്‍ താരവുമായുള്ള കരാര്‍ ആഴ്‌സണല്‍ പുതുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പുതുക്കിയില്ലെങ്കില്‍ താരത്തിന് ഇഷ്ട ക്ലബിലേക്ക് ചേക്കേറാനാകും. കുറച്ചുകാലമായി ഓസിലിന് ടീമിന്റെ ആദ്യ ഇലവനില്‍ ഇടംകിട്ടുന്നില്ല. വിഷയത്തില്‍ കാത്തിരുന്നു കാണാം എന്നാണ് കോച്ച് മൈക്കല്‍ അര്‍ടെറ്റയുടെ നിലപാട്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ഓസില്‍ യുവന്റസിലേക്ക് പോകും എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതു രണ്ടാം തവണയാണ് താരത്തില്‍ യുവെ കണ്ണുവയ്ക്കുന്നത്. ഗണ്ണേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ഓസില്‍.

അഗ്യൂറോ എങ്ങോട്ട്?

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സെര്‍ജിയോ അഗ്യൂറോ എങ്ങോട്ടു പോകുന്നു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ സിറ്റിയിലേക്ക് ടോട്ടന്‍ഹാമില്‍ നിന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയിനിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോച്ച്് ഗ്വാര്‍ഡിയോള ആരംഭിച്ചിട്ടുണ്ട്. 90 ദശലക്ഷം പൗണ്ട് കെയിനിനായി മുടക്കാന്‍ ക്ലബ് തയ്യാറാണ് എന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പതു വര്‍ഷമായി സിറ്റിയുടെ താരമാണ് അഗ്യൂറോ.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ഹാലാന്‍ഡിന് വേണ്ടി വമ്പന്മാര്‍

ബൊറൂഷ്യ ഡോട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലാന്‍ഡ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ നിറയുന്ന താരം. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, റയല്‍മാഡ്രിഡ് എന്നീ വമ്പന്മാരാണ് ഹാലാന്‍ഡിന് വേണ്ടി രംഗത്തുള്ളത്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

ലോക ഫുട്‌ബോളിലെ പ്രതിഭാധനനായ യുവതാരമായി അറിയപ്പെുന്ന താരം കഴിഞ്ഞ സീസണില്‍ 32 കളികളില്‍ നിന്ന് 33 ഗോളുകളാണ് നേടിയിട്ടുള്ളത്.

അലാബയില്‍ കണ്ണുവച്ച് റയല്‍

ബയേണ്‍ മ്യൂണിച്ചിന്റെ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് അലാബ അടുത്ത സീസണില്‍ റയലിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ച് സിനദിന്‍ സിദാന്റെ നേതൃത്വത്തില്‍ ക്ലബ് ഇതിനായുള്ള കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. റയലിന് പുറമേ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, ചെല്‍സി, പിഎസ്ജി ക്ലബുകളും അലാബയ്ക്ക് പിന്നാലെയുണ്ട്.

കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?

കഴിഞ്ഞ സീസണില്‍ ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അലാബ.

എയ്ഞ്ചല്‍ മരിയയും ബോട്ടെങ്ങും

ആറു മാസത്തോടെ കോണ്‍ട്രാക്ട് അവസാനിക്കുന്നവരില്‍ പിഎസ്ജിയുടെ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയയും ബയേണ്‍ മ്യൂണിച്ചിന്റെ ജെറോം ബോട്ടെങ്ങുമുണ്ട്. മരിയയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കിയില്ലെങ്കില്‍ താരം അര്‍ജന്റീനയിലേക്ക് തിരിച്ചു പോകുമെന്നാണ് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട ചെയ്യുന്നത്. ബോട്ടെങ്കില്‍ യുവന്റസ്, എസി മിലാന്‍, ഇന്റര്‍ എന്നീ ക്ലബുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പിഎസ്ജിയുടെ യുവാന്‍ ബെര്‍നറ്റ്, എസി മിലാന്റെ ഹകന്‍ കല്‍ഹാനോഗ്ലു, യുണൈറ്റഡിന്റെ എഡിസണ്‍ കവാനി, യുവാന്‍ മാട്ട, ലിയോണിന്റെ മംഫിസ് ഡിപേ, സിറ്റിയുടെ എറിക് ഗാര്‍ഷ്യ, ആഴ്‌സണലിന്റെ ഡേവിഡ് ലൂയിസ് തുടങ്ങിയവരുടെ കാലാവധിയും ഈ വര്‍ഷം അവസാനിക്കുന്നുണ്ട്.