കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധിയിൽ വിമർശനമാവർത്തിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോണ്‍ഗ്രസ് ദുർബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടി എങ്ങനെ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും സിബൽ ചോദിച്ചു.
നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പഴക്കമുളള രാഷ്ട്രീയ പാർട്ടിയായ കോണ്‍ഗ്രസിന് ഒന്നര വർഷമായി സ്ഥിരം അധ്യക്ഷനില്ല. എങ്ങനെ ഇതിന് കഴിയുന്നു. അധ്യക്ഷൻ ആകാൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. അധ്യക്ഷനില്ലാത്ത പാർട്ടി, പ്രവർത്തകരുടെ പ്രശ്നങ്ങൾ എങ്ങിനെ അഭിമുഖീകരിക്കുമെന്നുമാണ് ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാവായ കപില്‍ സിബല്‍ ചോദിക്കുന്നത്.
സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് ആഗസ്റ്റിൽ 23 നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. അതിന് മുന്‍പ് ഗുലാം നബി ആസാദ് രണ്ടു കത്തുകൾ അയച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും ചർച്ച ഉണ്ടായില്ല. പ്രവർത്തകസമിതിയില്‍ തെരഞ്ഞെടുപ്പുണ്ടായാല്‍ മാത്രമേ പ്രശ്നങ്ങളെ ഗൌരവത്തോടെ അഭിമുഖീകരിക്കൂ.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കപില്‍ രംഗത്ത് വന്നിരുന്നു. ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നായിരുന്നു കപില്‍ പറഞ്ഞത്. നമ്മള് തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലാത്തതിനാലാണ് താൻ ആശങ്ക പരസ്യമാക്കിയതെന്നും സിബൽ വ്യക്തമാക്കിയിരുന്നു.