തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. തൊണ്ണൂറ്റി ഏഴായിരത്തിൽ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെ രാത്രി വരെ കമ്മിഷന് ലഭിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം കമ്മീഷന് ഒരുക്കിയിട്ടുണ്ട്
ഗ്രാമപഞ്ചായത്തുകളിലേക്ക് 75702ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493ഉം ജില്ലാ പഞ്ചായത്തകളിലേക്ക് 1086ഉം പത്രികകളാണ് ലഭിച്ചത്. 12026 പത്രികകള്‍ മുനിസിപ്പാലിറ്റികളിലേക്കും, 2413 പത്രികകള്‍ കോര്‍പ്പറേഷനുകളിലേക്കും ഇതുവരെ ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ് ലഭിച്ചത്. മലപ്പുറത്ത് 13229ഉം ഇടുക്കിയില്‍ 2770 പത്രികകളുമാണ് ഇതുവരെ ലഭിച്ചത്. നാളെയാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്. 23വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.
അടുത്ത മാസം എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും.10നും 14 നും നടക്കുന്ന രണ്ട് മൂന്ന് ഘട്ട പോളിങ്ങിന് ശേഷം 16നാണ് വോട്ടെണ്ണല്‍. അതേസമയം തെരഞ്ഞെടുപ്പിന് തലേദിവസം മൂന്ന് മണി വരെ കോവിഡ് ബാധിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കമ്മീഷന് സൌകര്യം ഒരുക്കിത്തുടങ്ങി. കോവിഡ് രോഗിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നതാണ് ആലോചിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന സ്പെഷ്യല്‍ പോളിങ് ടിം എന്നറിയപ്പെടുന്നതിൽ പോളിങ് ഓഫീസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ,ആരോഗ്യ വകുപ്പ്അസിറ്റന്റ് അടക്കമുള്ളവര്‍ ഉണ്ടാകും.