കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുട്നിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് വർഷം മുമ്പ് ആസൂത്രണം ചെയ്ത ബ്രിക്സ് വാക്‌സിനുകളുടെ ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കോൺഫെറൻസ് വഴി പന്ത്രണ്ടാമത് ബ്രിക്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിൻങ്, ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ, സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിരിൽ റമഫോസ തുടങ്ങിയവർ സമ്മിറ്റിൽ പങ്കെടുത്തു.
ബ്രസീലിലും ഇന്ത്യയിലും സ്പുട്നിക് 5ന്റെ ക്ലിനിക്കൽ പരീക്ഷണം നടത്താനും, ഇന്ത്യയുടേയും ചൈനയുടെയും ഫർമസ്യൂട്ടിക്കൽ കമ്പനികളുമായി ചേർന്ന് വാക്‌സിൻ നിർമാണം ആരംഭിക്കാനുമുള്ള നീക്കങ്ങൾ റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) ഇതിനോടകം നടത്തിക്കഴിഞ്ഞു. റഷ്യയിലെ ഗാമലെയ റിസർച്ച് ഇൻസ്റ്റിറ്റുട്ടിൽ നിർമിച്ച സ്പുട്നിക് 5 ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ കോറോണവൈറസ് വാക്‌സിനാണ്. ഇതിന്റെ അന്താരാഷ്‌ട്ര തലത്തിലെ നിർമാണം, പ്രൊമോഷന് ആവശ്യമായ നിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് RDIF ആണ്. വൈറസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട് സ്പുട്നിക് 5 എന്ന് പുടിൻ മുന്നേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ ഇടക്കാല പഠന റിപ്പോർട്ട് പ്രകാരം, കോറോണയെ പ്രതിരോധിക്കുന്നതിൽ ഈ വാക്‌സിൻ 92 ശതമാനവും വിജയകരമാണ്.