UAE

55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ പ്രഖ്യാപിച്ച റിട്ടയർമെൻറ് വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ അനുവദിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പങ്കാളിക്കും മക്കൾക്കും വിസ ലഭിക്കും. ദുബൈ ടൂറിസവും എമിഗ്രേഷനും ചേർന്നാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്.

ദുബൈയിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുക. അപേക്ഷിക്കുന്നതിനു മുൻപ് ആരോഗ്യ ഇൻഷുറൻസ്, അപേക്ഷകന് പ്രതിമാസം 20,000 ദിർഹം വരുമാനം, 10 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം, ദുബൈയിൽ 20 ലക്ഷം ദിർഹം മൂല്യമുള്ള സ്വത്തുവകകൾ, നിക്ഷേപവും സ്വത്തു വകകളുടെ മൂല്യവും ചേർത്ത് 20 ലക്ഷം ദിർഹം എന്നിവയിലൊന്ന് ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. താമസവിസയുള്ളവരെ ആദ്യഘട്ടത്തിൽ പരിഗണിക്കുമെന്ന് ദുബൈ എമിഗ്രേഷൻ വിഭാഗം അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബൈ കുടുംബത്തോടൊപ്പം താമസിക്കാനുള്ള അവസരം തേടി നിരവധി പേരാണ് അധികൃതരെ ബന്ധപ്പെടുന്നത്.