Football Sports

മെസിയെ ബാഴ്സ കോടതി കയറ്റുമോ?

ലയണൽ മെസിയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസിയുമായുള്ള ബാഴ്സലോണയുടെ ചർച്ച എങ്ങും എത്താതെ പിരിഞ്ഞു. ലയണൽ മെസിയെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. രണ്ട് വർഷത്തെക്ക് കൂടി കരാർ നീട്ടണമെന്ന വാദമാണ് ബാഴ്സലോണ ഉന്നയിക്കുന്നത്. ഒരാഴ്ചയായി നീണ്ട അനിശ്ചിതത്വം ഈ ചര്‍ച്ചയോടെ പരിഹരിക്കപ്പടാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മെസിയുടെ പിതാവും ബാഴ്സ പ്രസിഡന്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മെസി നിലവില്‍ ബാഴ്‌സയുടെ താരമാണെന്നും താരം പരിശീലനത്തിന് എത്തേണ്ടതുണ്ടെന്നും ബാഴ്‌സ പ്രസിഡന്റ് ബെര്‍ത്തേമേയു അറിയിച്ചു. എന്നാല്‍ മെസി ഫാക്‌സിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കരാറിന്റെ അടിസ്ഥാനത്തില്‍ താരത്തെ ഫ്രീയായി ക്ലബ് വിടാന്‍ അനുവദിക്കണമെന്നും മെസിയുടെ പിതാവും വാദിച്ചു. ഒടുവില്‍ ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞുവെന്നാണ് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി മെസി ജനങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കുമോ അതോ പരിശീലനം നഷ്ടപ്പെടുത്തുന്ന മെസിക്ക് ബാഴ്‌സ മുന്നറിയിപ്പ് നല്‍കുമോ എന്നാണ് അറിയേണ്ടത്.

ഏറ്റവും വിദൂര സാധ്യതയെന്നത് മെസി ബാഴ്‌സ വിടുകയും ബാക്കി കാര്യങ്ങള്‍ കോടതിയിലേക്ക് വിടുകയുമാകുമെന്ന് സ്പാനിഷ് പത്രം ചൂണ്ടികാണിക്കുന്നു.

മെസി ബാഴ്‌സ വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇന്നേക്ക് എട്ട് ദിവസം പിന്നിട്ടു. ഇതിനകം കോവിഡ് ടെസ്റ്റും പരിശീലനവും മെസി റദ്ദാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും പി.എസ്.ജിയും മെസിക്കായി പിന്നില്‍ തന്നെയുണ്ട്.

ഈ യുദ്ധം എങ്ങനെ അവസാനിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാനാവില്ല. എന്നാല്‍ ആരെങ്കിലും പിന്മാറിയേ പറ്റൂ.