UAE

സ്വർണക്കടത്ത് കേസില്‍ 20 പ്രതികളില്‍ നാല് പേര്‍ യു.എ.ഇയിലെന്ന് എന്‍.ഐ.എ

സ്വർണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ

സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നും എന്‍.ഐ.എ കോടതിയില്‍.

കേസിലെ 20 പ്രതികളില്‍ 4 പേരാണ് യു.എ.ഇയിലുള്ളത് എന്നാണ് എന്‍.ഐ.എ പറയുന്നത്. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, പത്താംപ്രതിയായ റിബിന്‍സണ്‍ എന്നിവരുടെ പേരുകള്‍ മുമ്പേ തന്നെ എന്‍.ഐ.എ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പതിനഞ്ചാം പ്രതി സിദ്ദീഖുല്‍ അക്‍ബര്‍, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരുടെ പേരുകള്‍ പുതിയതായിട്ടാണ് എന്‍.ഐ.എ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ പ്രതി പട്ടികയില്‍ 20 പേരെയാണ് എന്‍.ഐ.എ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നാല് പ്രതികള്‍ യു.എ.ഇയിലാണ് എന്നാണ് എന്‍ഐഎ പറയുന്നത്. ഈ പ്രതികള്‍ ഒളിവിലാണ് എന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കുവേണ്ടി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതുപോലെ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ കയ്യില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും.