Cultural Europe Pravasi Switzerland

ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും മുനയൊടിഞ്ഞ അവകാശവാദങ്ങളുമായി കേന്ദ്രവും ,കേരളവും -ജെയിംസ് തെക്കേമുറി

ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. തോക്കും , വെടിയുണ്ടയും , മാരകായുധങ്ങളും ഇല്ലാതെ ലോകം ഒന്നിച്ച് നിന്ന് പട പൊരുതുന്നു. കേവലം സോപ്പ് ലായിനി കൊണ്ട് തുരത്താൻ കഴിയുന്ന ഒരു സൂഷ്മ ജീവിയോട് അനേകായിരങ്ങൾ ഈ യുദ്ധത്തിൽ ഭൂമിയിൽ മരിച്ചുവീഴുന്നു .

മനുഷ്യന് അവകാശമായ മാന്യമായ ശവസംസ്കാരച്ചടങ്ങുകൾ പോലും നിഷേധിക്കപ്പെടുന്നു. ഉറ്റവരും, ഉടയവരും അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുന്നു. നിസ്സാഹരായ മനുഷ്യർ ഇന്ന് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു . രോഗവ്യാപനത്തിന്റെയും മരണ നിരക്കിന്റെയും കാര്യത്തിൽ വളരെ പിന്നിലായിരുന്ന ഇൻഡ്യയും , ലോകത്തിന് മാതൃകയെന്ന് വിശേഷിക്കപ്പെട്ടിരുന്ന കേരളവും ഇന്ന് ഭയാനകമായ അവസ്ഥയിലേക്ക് വീണു കൊണ്ടിരിക്കുന്നു.

ഇൻഡ്യയിലെ ആദ്യത്തെ കോവിഡ് രോഗി ഉണ്ടായത് കഴിഞ്ഞ മാർച്ച് മാസത്തിൽ കേരളത്തിലെ തൃശൂരിൽ ആയിരുന്നു. രോഗത്തിന്റെ ഉറവിടമായിരുന്ന ചൈനയിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥി. അതോടെ ഇൻഡ്യ കോവിഡ് 19- നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോഴും വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് വലിയ മുന്നറിയിപ്പുകൾ വന്നപ്പോഴും വിളക്ക് കത്തിച്ചും പാട്ട കൊട്ടിയും നേരിടാമെന്നാണ് പ്രധാനമന്ത്രിയും മറ്റ് ഇതര നേതാക്കളും വിചാരിച്ചത് . എന്നാൽ ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഇപ്പോൾ പാട്ടകൊട്ടും ഇല്ല പത്ര സമ്മേളനങ്ങളും ഇല്ല.ദീർഘ വീക്ഷണം ഇല്ലാത്ത ഒരു ഭരണാധികാരിയുടെ നിസ്സാഹായവസ്ഥയാണ് നാം ഇന്ന് കാണുന്നത്.

രോഗികളുടെ എണ്ണം കുറവുണ്ടായിരുന്നപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ച് ആളുകളെ ഒടിച്ച് വീട്ടിൽ കയറ്റി എന്നിട്ട് ഇതെല്ലാം നേരിടാൻ ഇൻഡ്യ സർവ്വ സജ്ജമാണെന്ന് പ്രഖ്യാപിക്കാനാണ് സർക്കാർ ശ്രമിച്ചത്. പക്ഷേ കാര്യങ്ങൾ പിടി വിട്ട് പോയപ്പോൾ വാദഗതികളും പ്രഖ്യാപനങ്ങളും ഇല്ല. പകരം കുറ്റമെല്ലാം സംസ്ഥാന സർക്കാരിന്റെയും പാവം പ്രവാസികളുടെയും തലയിൽ കെട്ടിവെച്ചു. ഈ സാഹചര്യം ഇവിടെ I. C. M. R ഉം I. M. A യും മാസങ്ങൾക്ക് മുൻപ് പ്രവചിച്ചതാണ് . സിംഹത്തിന്റെ കാൽപ്പാട് കണ്ടപ്പോഴെ ആളുകളെ ഓടിച്ച് വീട്ടിൽ കയറ്റുകയും സിംഹം വന്ന് കഴിഞ്ഞപ്പോൾ അവരെ തുറന്ന് വിടുകയും ചെയ്യുന്ന വിവേകശൂന്യമായ പ്രവർത്തിയാണ് സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുവാൻ ആരംഭിച്ച സമയത്താണ് യഥാർത്ഥത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിയിരുന്നത്. മനുഷ്യജീവന് വെല്ലുവിളിയാകുന്ന വീഴ്ചകൾ കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്ക് സംഭവിച്ചുവെന്ന് വ്യക്തമായി പറയാം. തുടക്കം നന്നായി കൈകാര്യം ചെയ്ത കേരളം ഇന്ന് കോവിഡ് പ്രതിരോധത്തിൽ എത്രയോ പിന്നോട്ട് പോയിരിക്കുന്നു. വിദേശത്തുനിന്നും എത്തുന്ന പ്രവാസികളെ പരിശോധിക്കുകയും അതിന്റെ മാത്രം കണക്ക് വെച്ച് എൺപതു ശതമാനം രോഗികളും പ്രവാസികൾ ആണെന്ന് പ്രഖ്യാപിക്കുകയും ആണ് മുഖ്യമന്ത്രി ആദ്യം ചെയ്തത്. എന്നാൽ കേരളത്തിലുള്ള നിശബ്ദരായ രോഗ വാഹകരെ കണ്ട് പിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതാണ് കേരളത്തിലെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

സാമൂഹിക വ്യാപനമെന്ന് I. C. M. R ഉം ,I. M. A യും പറഞ്ഞപ്പോഴും അതിനെ നിഷേധിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്,ശ്രദ്ധിച്ചുകൊണ്ടിരുന്നത്. ജൂൺ ഒൻപതിന് കേരളത്തിലെ പതിനാല് ജില്ലകളിൽ നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനാ ഫലം സർക്കാർ ഇപ്പോഴും രഹസ്യമാക്കി സൂക്ഷിച്ചിരിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കുന്ന ആളുകൾ ഉള്ള ഒരു സംസ്ഥാനത്ത് ആണ് ഇത് സംഭവിച്ചത് എന്ന് ഓർക്കണം. ഏറ്റവും സങ്കടകരമായ മറ്റൊരു കാര്യം എറെ മുൻ കരുതലുകൾ എടുത്ത് നടത്തിയെന്ന് അവകാശപ്പെട്ട .’കിം’ പ്രവേശനപരീക്ഷ രോഗം പരത്തുന്നതിനുള്ള വേദിയായി മാറിയെന്നുള്ളതാണ്. ഇത് ഒഴിവാക്കാൻ പറ്റുമായിതുന്നില്ലേ എന്ന് സർക്കാർ ഒന്ന് ചിന്തിച്ചാൽ വളരെ നല്ലതായിരുന്നു. കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുള്ളത് കേരളത്തിലെ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തം നാടിനെ സ്നേഹിച്ചു കൊണ്ട് ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കേണ്ടതിന് പകരം എന്തിനും എതിനും സംസ്ഥാന വർക്കാരിനെ കുറ്റപ്പെടുത്തി പത്രസമ്മേളനങ്ങൾ നടത്തുന്ന നിലപാടുകൾ ഒരു ജനാധിപത്യ രാജ്യത്തിന് നല്ലതല്ല.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൈയ്യും മെയ്യും മറന്ന് ഒന്നിച്ച് നിൽക്കാനുള്ള വിവേകമാണ് ഒരു മലയാളി കാണിക്കേണ്ടത് . ചുരുക്കത്തിൽ എല്ലാം പ്രവാസികളുടെയും കേന്ദ്രസർക്കാരിന്റെയും തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കാതെ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് തുറന്ന മനസോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരും രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരിനെ അകമഴിഞ്ഞ് സഹായിക്കുന്ന കേന്ദ്ര സർക്കാരും. വിവാദങ്ങളില്ലാതെ ഈ സർക്കാരുകളെ പിന്തുണയ്ക്കുന്ന ക്രിയാത്മക പ്രതിപക്ഷവുമാണ് കേരളത്തിൽ ഉണ്ടാവേണ്ടത്.