അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.
213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് (0) ക്രെയ്ഗ് യങിൻ്റെ പന്തിൽ ഗാരത് ഡെലനിക്ക് പിടികൊടുത്ത് മടങ്ങി. പിന്നീട് ബെയർസ്റ്റോ ഷോ ആയിരുന്നു. പങ്കാളിയെ നഷ്ടമായതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം അടിച്ചു തകർക്കാൻ തുടങ്ങി. രണ്ടാം വിക്കറ്റിൽ വിൻസുമായി അദ്ദേഹം 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ജെയിംസ് വിൻസ് (16), ടോം ബാൻ്റൺ (15) എന്നിവർ പുറത്തായി. ഇരുവരെയും കർട്ടിസ് കാംഫെർ ആണ് പുറത്താക്കിയത്. വിൻസിനെ ക്ലീൻ ബൗൾഡാക്കിയ കാംഫെർ ബാൻ്റണെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതൊന്നും ബെയർസ്റ്റോയെ തളത്തിയില്ല. ആൻഡി മക്ബ്രൈനെ സിക്സറടിച്ച് 21 പന്തുകളിൽ അദ്ദേഹം അരസെഞ്ചുറി കുറിച്ചു. സാം ബില്ലിംഗ്സിനെ കാഴ്ചക്കാരനാക്കി അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ ജോഷ്വ ലിറ്റിൽ ബെയർസ്റ്റോക്ക് കടിഞ്ഞാണിട്ടു. ലോർകൻ ടക്കറിനു പിടികൊടുത്ത് മടങ്ങുമ്പോൾ ബെയർസ്റ്റോ 41 പന്തുകളിൽ 82 റൺസെടുത്തിരുന്നു. 14 ബൗണ്ടറികളും 2 സിക്സുകളും സഹിതമായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്.
തുടർന്ന് ഓയിൻ മോർഗൻ, മൊയീൻ അലി എന്നിവർ സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. ഇരുവരും ജോഷ്വ ലിറ്റിലിൻ്റെ ഇരയായാണ് മടങ്ങിയത്. മോർഗനെ കാംഫെർ പിടികൂടിയപ്പോൾ മൊയീൻ, ടക്കറുടെ കൈകളിൽ അവസാനിച്ചു. 137-6 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ഇംഗ്ലണ്ടിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം ബില്ലിംഗ്സ് ഡെവിഡ് വില്ലിയുമായി ഒത്തുചേർന്നു. 32.3 ഓവറിൽ ഇംഗ്ലണ്ട് വിജയ റൺ കുറിക്കുമ്പോൾ ബില്ലിംഗ്സ് 46ഉം വില്ലി 47ഉം വീതം റൺസെടുത്ത് പുറത്താവാതെ നിന്നു.
9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അയർലൻഡ് 212 റൺസ് നേടിയത്. ഓൾറൗണ്ടർ കർട്ടിസ് കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അയർലൻഡിനായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും കാംഫെർ ഒഴികെ ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.