കാസർഗോഡ് ജില്ലയിൽ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ(75)ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.