Kerala

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവി‍ഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹൈറുന്നീസ. ഇവരുടെ ഉറവിടം വ്യക്തമല്ല. രണ്ടു ദിവസം മുമ്പാണ് ഹൈറുന്നീസക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച്‌ സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറിലായിരുന്ന ഹൈറുന്നീസ ഇന്ന് പുലര്‍ച്ചെയാണ്‌ മരിച്ചത്.

പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.