India National

ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി വാഗ്ദാനം; കോണ്‍ഗ്രസ് എം.എല്‍.എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്

തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് മുന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണമുന്നയിച്ച എം.എല്‍.എ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് നോട്ടീസ് അയച്ചത്‌.

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്. ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി ഇക്കാര്യം പൈലറ്റ് തന്നോട് ആവശ്യപ്പെടുകയും ചര്‍ച്ച നടത്തിയിരുന്നതായും താന്‍ വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞു.

ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൈലറ്റ് തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൈലറ്റ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച ”ന്യായമായ ആശങ്കകള്‍” തടയുന്നതിനായിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മലിംഗയെ പ്രേരിപ്പിച്ചതെന്നും സച്ചിന്‍ പറയുകയുണ്ടായി.