പ്രവാസികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജിണല്‍ കമ്മറ്റി അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. നടപടി സൗദിയിലെ പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്ന് ജിദ്ദയിലെ സി.പി.ഐ പ്രവാസി സംഘടനയായ ന്യൂ ഏജ് ഇന്ത്യ ഫോറം വ്യക്തമാക്കി.
മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തെയാണ് പ്രവാസികള്‍ നേരിടുന്നത്. പ്രവാസികളെ എന്നും ചേര്‍ത്ത് നിറുത്തിയിട്ടുള്ള സര്‍ക്കാരില്‍ നിന്ന് ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചതല്ലെന്ന് ഐ.എന്‍.എല്‍ പ്രവാസി സംഘടനയായ ഐ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് പറഞ്ഞു.
എന്നാല്‍ ഇത് വരെ ചാര്‍ട്ട് ചെയ്തിട്ടുളള മുഴുവന്‍ വിമാനങ്ങള്‍ക്കും യാതൊരു പ്രയാസവും കൂടാതെ സര്‍വ്വീസ് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.എം അനുകൂല പ്രവാസി സംഘടനയായ ജിദ്ദ നവോദയ പ്രസിഡണ്ട് ഷിബു തിരുവനന്തപുരം പറഞ്ഞു.
അതേ സമയം പ്രവാസികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജിണല്‍ കമ്മറ്റി അറിയിച്ചു.