Entertainment

സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍

സുശാന്തിന്‍റെ മരണ ശേഷം സ്നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണ്. അതിലും നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്ന് സെയ്ഫ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണ ശേഷം അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫിന്‍റെ വിമര്‍ശനം.

കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് പ്രതികരിച്ചു.

സുശാന്തിന്‍റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തിൽ നിന്ന് ആളുകൾ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യൽ മീഡിയയിൽ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ ദീര്‍ഘമായ കുറിപ്പുകള്‍ ഫാന്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. ഇവരൊന്നും യഥാര്‍ഥ ജീവിതത്തില്‍ ഈ സ്നേഹവും കരുതലുമൊന്നും കാണിക്കുന്നില്ല. ട്വിറ്ററില്‍ പത്ത് വാക്ക് എഴുതിയിടുകയും എന്നാല്‍ നേരില്‍ കാണുമ്പോള്‍ ഒന്ന് ഹസ്തദാനം ചെയ്യുകപോലും ചെയ്യാതെ കടന്നുപോവുകയും ചെയ്യുന്ന കാലമാണിതെന്നും സെയ്ഫ് പറഞ്ഞു.

ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന് ഇതിനകം പരസ്യ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്യുകയുണ്ടായി. ബോളിവുഡിലെ ആരും സുശാന്തിന്‍റെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ട്വീറ്റില്‍ പറഞ്ഞു. സുശാന്തിന്‍റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന് ഗോഡ്​ഫാദർമാരില്ലായിരുന്നു. അഭിനയിച്ച സിനിമകൾ കാണാൻ അദ്ദേഹം അപേക്ഷിക്കുകയുണ്ടായി​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

എന്നാല്‍ ഈ അവസരത്തിലെ ഇത്തരം പരാമര്‍ശങ്ങളോടും സെയ്ഫ് യോജിക്കുന്നില്ല. മനുഷ്യര്‍ മനുഷ്യരെ നിരന്തരം പരാജയപ്പെടുത്തുകയാണ്. മറ്റൊരാള്‍ക്കെതിരായ അവസരമായി മരണത്തെ ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് സെയ്ഫ് പറഞ്ഞു. പകരം നിശബ്ദമായി ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും സെയ്ഫ് പറഞ്ഞു.