International

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

ബുധനാഴ്ച്ചയാണ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം യു.എസ് സോക്കര്‍ എടുത്തുകളഞ്ഞത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍താരം മേഗന്‍ റാപിനോയാണ് ഈ ചട്ടം കൊണ്ടുവരാന്‍ തന്നെ കാരണം…

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് ട്രംപ്. അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടം ഭേദഗതി ചെയ്തതാണ് ട്രംപിനെയും റിപബ്ലിക്കന്മാരേയും ചൊടിപ്പിച്ചത്. അമേരിക്കയില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവെയും വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി.

അമേരിക്കന്‍ ദേശീയ ഗാനം പാടുമ്പോള്‍ നില്‍ക്കണമെന്ന ചട്ടം ഭേദഗതി ചെയ്തതിനെതിരെ ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാറ്റ്ഗാറ്റെസിന്റെ ട്വീറ്റിനോടുള്ള പ്രതികരണമാണ് ട്രംപ് നടത്തിയത്. മേലില്‍ അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി കാണില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ബുധനാഴ്ച്ചയാണ് മത്സരങ്ങള്‍ക്ക് മുമ്പ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം യു.എസ് സോക്കര്‍ എടുത്തുകളഞ്ഞത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍താരം മേഗന്‍ റാപിനോയാണ് ഈ ചട്ടം കൊണ്ടുവരാന്‍ തന്നെ കാരണമായത്. കോളിന്‍ കാപെര്‍നികിന് പിന്തുണ നല്‍കിക്കൊണ്ട് 2016ല്‍ ചില മത്സരങ്ങളില്‍ മേഗന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു.

കറുത്തവര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളില്‍ ദേശീയഗാനം പാടുന്നതിനിടെ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കോളിന്‍ കാപെര്‍നിക്(നടുവില്‍)- 2016

പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ സാന്‍ഫ്രാന്‍സിസ്‌കോ 49ersന്റെ മുന്‍ താരമായിരുന്നു കോളിന്‍ കാപെര്‍നിക്. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 2016ല്‍ കാപെര്‍നിക് മത്സരം തുടങ്ങുന്നതിന് മുമ്പ് മുട്ടില്‍ നിന്നത് വിവാദമായിരുന്നു. അന്ന് കാപെര്‍നിക്ക് കൊളുത്തിയ നിശബ്ദ പ്രതിഷേധം വനിതാ ഫുട്‌ബോളിലേക്ക് കൂടി മേഗനാണ് പടര്‍ത്തിയത്.