International

ചൈനയില്‍ ആഗസ്തിലേ കൊറോണയെന്ന് ഹാര്‍വാഡ് ഗവേഷകര്‍, പരിഹാസ്യമെന്ന് ചൈന

വുഹാനിലെ ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം…

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതലേ കൊറോണ വൈറസ് പടര്‍ന്നിരുന്നുവെന്ന അവകാശവാദവുമായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍. ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം. അതേസമയം ഈ റിപ്പോര്‍ട്ടുകളെ ചൈന പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

വുഹാനിലെ അഞ്ച് പ്രധാന ആശുപത്രികളിലെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചത് എന്തോ കാര്യമായി സംഭവിച്ചെന്നതിന് സൂചനയാണെന്നാണ് ഗവേഷകരുടെ നിഗമനം. 350ഓളം ഉപഗ്രഹചിത്രങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. ആശുപത്രികളിലെ കാറുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം മുതല്‍ 90 ശതമാനം വരെ കൂടുതല്‍ കാണപ്പെട്ടുവെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതിനൊപ്പം ചുമ, വയറിളക്കം തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ആഗസ്തില്‍ ഓണ്‍ലൈനില്‍ വ്യാപകമായി തിരയപ്പെടുകയും ചെയ്തിട്ടുണ്ട്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും കോവിഡ് പടര്‍ന്നു പിടിക്കും മുമ്പേ വൈറസ് മറ്റു മേഖലകളിലുണ്ടായിരുന്നുവെന്ന മുന്‍ ഗവേഷണങ്ങളെ സാധൂകരിക്കുന്നതാണ് തങ്ങളുടെ കണ്ടെത്തലെന്നാണ് ഹാര്‍വാഡ് ഗവേഷകരുടെ നിഗമനം. dash.harvard.edu/handle/1/42669767 എന്ന ലിങ്കില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ഹാര്‍വാഡ് ഗവേഷകരുടെ പഠനത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചൈനീസ് അധികൃതര്‍ ചെയ്തത്. വാഹനങ്ങളുടെ തിരക്ക് കൂടിയെന്ന കാരണം പറഞ്ഞ് ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത് പരിഹാസ്യമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞത്.