India National

ലോക്ഡൌണ്‍ അഞ്ചാം ഘട്ടം; നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കും

ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും

അഞ്ചാം ഘട്ട അടച്ചുപൂട്ടലിൽ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയേക്കും. അടച്ചുപൂട്ടൽ ജൂൺ 15 വരെ നീട്ടാനാണ് നീക്കം.

ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടെ അടച്ചുപൂട്ടലിലെ സർക്കാരിന്റെ നടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത ബുധനാഴ്ച യോഗം ചേരും.

നാലാംഘട്ട അടച്ചുപൂട്ടൽ അവസാനിക്കാൻ ഇനി 3 ദിവസം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി പ്രധാനമന്ത്രിക്ക് ശുപാർശകൾ സമർപ്പിച്ചു. നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ കുറച്ചേക്കും. വാർഡ് തലംവരെ സോണുകൾ നിർണയിക്കാനുള്ള അധികാരം നിലവിൽ സംസ്ഥാനങ്ങൾക്കുണ്ട്.അത് വർധിപ്പിക്കും.

സോണുകൾ നിർണയിച്ച് സാഹചര്യം പരിശോധിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ തീരുമാനിക്കാം. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അക്കാര്യത്തിലും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ, ജിം എന്നിവയിലും തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് വിട്ടേക്കും.നിയന്ത്രിത മേഖലകൾ പരമാവധി കുറയ്ക്കാനും മെട്രോ സർവീസ് ആരംഭിക്കാനും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.

രോഗബാധയുടെ 70%മുള്ള 11 നഗരങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. വിദ്യാലയങ്ങളും മാളുകളും തുറക്കില്ല.രാജ്യാന്തര വിമാന സർവീസ് ആരംഭിക്കില്ല.

അതേസമയം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ തലവനായ ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ് ബല്ല സർക്കാർ നടപടികൾ വിശദീകരിക്കും. യോഗം വീഡിയോ കോൺഫ്രൻസ് വഴി ആക്കണമെന്ന ആവശ്യം ശശി തരൂർ എംപി ഉന്നയിച്ചിട്ടുണ്ട്. കമ്മറ്റി ചേരാത്തതിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.