ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് വരാൻ ചാ൪ട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ എസ്ഒപിയും കേന്ദ്രം ഉടൻ പുറത്തിറക്കും. അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റിന് വൻ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് പുറത്തിറക്കി.
വിമാനത്തിന്റെ ചിലവ് തൊഴിലാളികളോ അവരുടെ സ്ഥാപനങ്ങളോ വഹിക്കണം. നാട്ടിലെത്തുന്നവർ 14 ദിവസ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു. ഈ ചെലവും തൊഴിലാളികൾ വഹിക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിലുള്ളത്. ഈ നിബന്ധനകൾ പാലിച്ചുകൊണ്ടു തന്നെ നാട്ടിലേക്ക് വരാൻ തയ്യാറായി നിരവധി തൊഴിലാളികൾ ഇതിനകം കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ക്വാറന്റൈൻ സ്വൗകര്യം ഉണ്ടെന്ന് സംസ്ഥാനങ്ങളുടെ ഉറപ്പ് കൂടി കിട്ടിയാലുടൻ കേന്ദ്രം ചാ൪ട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകും.
അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് കൂടിയ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് തയ്യാറാക്കി. ദൂരമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് തയ്യാറാക്കിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുറഞ്ഞ നിരക്ക് 6,500ഉം പരമാവധി 18,600 രൂപയുമാണ്. 40% ടിക്കറ്റിന് 50% വരെ നിരക്കാണ് ഈടാക്കുന്നത്. ക്വാറന്റൈൻ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സത്യവാങ്മൂലം, മാസ്ക്, സാനിറ്റൈസർ എന്നിവ യാത്രക്കാ൪ കരുതണമെന്നും ഡിജിസിഎ പുറത്തിറക്കിയ മാ൪ഗനി൪ദേശത്തിലുണ്ട്. തിങ്കളാഴ്ച 150 വിമാനങ്ങൾ സ൪വീസ് നടത്തുമെന്ന് സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്.
പ്രവാസ ലോകത്ത് ആഹ്ലാദം
സ്വകാര്യ വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും ചാര്ട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയ കേന്ദ്ര നടപടിയിൽ പ്രവാസ ലോകത്ത് ആഹ്ലാദം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകത്തെ കൂട്ടായ്മകൾ.
‘വന്ദേ ഭാരത് മിഷൻ’ ഭാഗമായി ഗൾഫിൽ നിന്നുള്ള ഒഴിപ്പിക്കൽ പദ്ധതി മന്ദഗതിയിലായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. എംബസിയിലും കോൺസുലേറ്റിലും രജിസ്റ്റർ ചെയ്തവരിൽ വെറും അഞ്ച് ശതമാനം പേർക്ക് പോലും നാട്ടിലേക്ക് മടങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് മുൻനിർത്തിയാണ് വ്യക്തികളും കൂട്ടായ്മകളും സംഘടനകളും സ്വകാര്യ ചാർട്ടർ വിമാനത്തിന് അനുമതി തേടി രംഗത്തു വന്നിരിക്കുന്നത്. കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളും ചാർട്ടർ വിമാനത്തിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.
വ്യവസ്ഥാപിത ക്വാറൻറയിൻ ഉൾപ്പെടെയുള്ളവ യാത്രക്കാർക്ക് നിർബന്ധമാണെന്നിരിക്കെ, കേരളത്തിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമായിരിക്കും. പരമാവധി നികുതികളും മറ്റും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറായാൽ കുറഞ്ഞ ചെലവിൽ ആളുകളെ നാട്ടിലെത്തിക്കാൻ പ്രവാസി കൂട്ടായ്മകൾക്ക് സാധിക്കും. ഇക്കാര്യത്തിൽ തുടർ നടപടികൾ എന്തായിരിക്കുമെന്ന് താൽപര്യപൂർവം കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.