Kerala

പേരാമ്പ്രയില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ്

ഖത്തറില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര സ്വദേശികള്‍ക്കെതിരെയാണ് കേസ്. ഈ മാസം അഞ്ചിനും പത്തിനുമായാണ് ഇരുവരും നാട്ടിലെത്തിയത്.
കോവിഡ് നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കെതിരെ കോഴിക്കോട് പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരിക്കെ പേരാമ്പ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഇവര്‍ സഞ്ചരിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്.

ഖത്തറില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര സ്വദേശികള്‍ക്കെതിരെയാണ് കേസ്. ഈ മാസം അഞ്ചിനും പത്തിനുമായാണ് ഇരുവരും നാട്ടിലെത്തിയത്. തുടര്‍ന്ന് 28 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍‌ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ ഇരുവരും ഇത് ലംഘിച്ച് പേരാമ്പ്ര മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് തുടങ്ങിയ പൊതു ഇടങ്ങളില്‍ കറങ്ങി നടന്നു.

ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസുമായി നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും പൊതുസ്ഥലത്തുനിന്ന് കണ്ടെത്തി. ഇവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കി. തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി.

രോഗസംക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ട് പൊതുജനങ്ങളുമായി ഇടപഴകി എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269 വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് മാസം തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം.