Football Sports

അഴ്‌സണല്‍ പരിശീലകനും ചെല്‍സി താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

ഫുട്‌ബോള്‍ ലോകത്ത് കൊറോണ ഭീതി കൂടുതല്‍ ശക്തമാക്കിക്കൊണ്ട് അഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്കും ചെല്‍സിയുടെ 19 വയസുള്ള താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു…
പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഴ്‌സണല്‍ തന്നെയാണ് ഔദ്യോഗിക വെബ് സൈറ്റ് വഴി പുറം ലോകത്തെ അറിയിച്ചത്. ചെല്‍സിയുടെ 19കാരന്‍ വിങ്ങര്‍ കാലും ഹഡ്‌സണ്‍ ഒഡോയിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരു ക്ലബുകളും വിവരം സ്ഥിരീകരിക്കുകയും മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്കല്‍ അര്‍ട്ടേറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണെന്നാണ് അഴ്‌സണല്‍ അറിയിച്ചിരിക്കുന്നത്. പരിശീലക സംഘത്തിലേയും ടീമിലേയും എതാണ്ട് എല്ലാവരും തന്നെ ഈ ഗണത്തില്‍ വരുമെന്നത് സാഹചര്യത്തിന്റെ അപകടാവസ്ഥ വര്‍ധിപ്പിക്കുന്നുണ്ട്. അര്‍ട്ടേറ്റയുമായി നേരിട്ട സമ്പര്‍ക്കത്തിലാവാത്തവരെ വൈകാതെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയും അഴ്‌സണല്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ലണ്ടനിലെ ക്ലബിന്റെ പരിശീലന കേന്ദ്രത്തില്‍ വലിയ തോതിലുള്ള അണുനശീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രീമിയര്‍ ലീഗ് എഫ്.എ കപ്പ് അധികൃതരുമായും അഴ്‌സണല്‍ അധികൃതര്‍ സംസാരിച്ച് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 22നാണ് ഷെഫീല്‍ഡ് യുണൈറ്റഡുമായി എഫ്.എ കപ്പില്‍ അഴ്‌സണലിന്റെ മത്സരം. പ്രീമിയര്‍ ലീഗില്‍ ശനിയാഴ്്ച ബ്രിങ്ടണുമായും അഴ്‌സണലിന് മത്സരമുണ്ട്. എന്നാല്‍ അതിന് മുന്‍പായി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കോവിഡ് 19 സ്ഥിരീകരിച്ച ഒഡോയിയുമായി അടുത്ത സമ്പര്‍ക്കത്തിലായിരുന്നവരെ നിരീക്ഷിക്കുമെന്ന് ചെല്‍സിയും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മത്സരമുണ്ട്. അസ്റ്റണ്‍ വില്ലയാണ് ചെല്‍സിയുടെ എതിരാളികള്‍. ലോകത്താകെ 1.25 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 4600 കവിയുകയും ചെയ്തിട്ടുണ്ട്.