മരിച്ചവർ തിരിച്ചുവരിക,അല്ലെങ്കിൽ ഉയിർത്തെഴുന്നേൽക്കുക,പുനർജനിക്കുക ,എന്ന ആശയം ഇന്നും അവിശ്വസനീയവും അസാദ്ധ്യവും ആണ്.അങ്ങിനെ സംഭവിച്ചാൽ ലോകത്തിൻ്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇന്നത്തെ സമൂഹത്തിൻ്റെ ഘടനയിൽ കാര്യമായ മാറ്റം സംഭവിക്കും.മതങ്ങളുടെ
നിലനിൽപ്പ് കാഴ്ചപ്പാടുകൾ എല്ലാം തകിടം മറിയും.ആരോഗ്യ മേഖലയിൽ ഒരു പൊളിച്ചെഴുത്തു് അനിവാര്യമാകും.ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടും.
മനുഷ്യനെ പുനർജനിപ്പിക്കുവാൻ സാധിക്കുന്ന തരത്തിൽ മെഡിക്കൽ ടെക്നോളജി molecular nanotechnology യുടെ സഹായത്തോടെ വികസിക്കുമെന്ന് വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്.
അടുത്തകാലത്ത് ഇന്ത്യയിൽ നിന്നും റിപ്പോർട് ചെയ്ത ഒരു സംഭവം ശ്രദ്ധിക്കുക.2019 നവംബർ 11 ന് എഴുപത്തി ഏഴാമത്തെ വയസ്സിൽ മരിച്ച ഒരാളുടെ മൃതദേഹം വിവിധ process കൾക്ക് ശേഷം ഒരു മാസം കഴിഞ്ഞു അമേരിക്കയിലുള്ള ഒരു ക്രയോണിക് സെൻറിൽ സൂക്ഷിക്കുന്നതിനായി എത്തിച്ചു.പുനർജ്ജന്മം കാത്തു ലിക്വിഡ് നൈട്രജനിൽ -320 ഡിഗ്രി ഫാരൻഹീറ്റിൽ പ്രത്യക ചെയ്മ്പറിൽ ആ ദേഹം കഴിയുന്നു.
എന്താണ് ക്രയോണിക്സ്?
ഭാവിയിൽ ശാസ്ത്രം വളർന്ന് മനുഷ്യ ശരീരം പുനർജ്ജീവിപ്പിക്കുവാൻ സാദ്ധ്യമാകുന്നതുവരെ മൃതശരീരങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന സാങ്കേതിക മാർഗ്ഗമാണ് ക്രയോണിക്സ്.
ഇന്ന് ചില സസ്യങ്ങൾ, ചെറു ജീവികളുടെ അവയവങ്ങൾ തുടങ്ങിയവ ലിക്വിഡ് നൈട്രജനിൽ -320 ഡിഗ്രി ഫാരൻഹീറ്റിൽ സൂക്ഷിച്ചു വച്ചിട്ട് വീണ്ടും പുനർ ജീവിപ്പിക്കുവാൻ ,വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ട്.
ഈ മാർഗ്ഗം ഉപയോഗിച്ച് മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ മൃതശരീരങ്ങൾ, കോശങ്ങൾ, തലച്ചോറ് എന്നിവ വളരെ താഴ്ന്ന ഊഷ്മാവിൽ ശീതീകരിച്ച് കേടുവരാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. ഈ പ്രക്രിയക്ക് ക്രയോപ്രിസർവേഷൻ( Cryopreservation)എന്നു പറയുന്നു.
മരണം സ്ഥിരീകരിക്കപ്പെട്ടവരുടെ ശരീരങ്ങൾ ഈ രീതിയിൽ സംരക്ഷിച്ചു വയ്ക്കുവാൻ നിയമം അനുവദിക്കുന്നുണ്ട് . മരണപ്പെട്ടുവെങ്കിലും മസ്തിഷ്കം നശിച്ചിട്ടില്ലാത്ത ആളുകളിലാണ് ക്രയോണിക്സ് പരീക്ഷിക്കപ്പെടുന്നത്. തണുപ്പ് എന്ന് അർത്ഥമുള്ള ക്രയോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്
ക്രയോണിക്സ് എന്ന വാക്കിന്റെ ഉൽഭവം.
ദ്രവനൈട്രജൻ നിറച്ച ടാങ്കുകളിലാണ് മൃത ശരീരങ്ങൾ അഥവാ തലച്ചോറ്, സൂക്ഷിക്കുന്നത്. മനുഷ്യൻ്റെ
ഓർമ്മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് തലച്ചോറിലാണ്. ചില പ്രത്യേകസാഹചര്യങ്ങളിൽ തലച്ചോറിൻ്റെ പ്രവർത്തനം നിലച്ച ശേഷവും വീണ്ടെടുക്കാൻ കഴിയും.എന്നാൽ ഭാവിയിൽ Brain ൻ്റെ പ്രവർത്തനം പൂർണ്ണമായും സാധാരണ നിലയിലാക്കുവാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
എന്നാൽ ശീതീകരിക്കുന്നതിനു മുൻപ് ക്രയോപ്രൊട്ടക്റ്റൻറ് ( Cryoprotectant )എന്ന വസ്തു കൂടിയ അളവിൽ തലച്ചോറിലേക്ക് പ്രവഹിപ്പിച്ച് തലച്ചോറിലെ കോശങ്ങൾക്കുണ്ടാകുന്ന നാശം ഒഴിവാക്കാം എന്നാണ് ക്രയോണിക്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്നത്. തൽഫലമായി തലച്ചോറിലെ ഓർമ്മ, വ്യക്തിത്വംഎന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ കേടുകൂടാതെ സംരക്ഷിക്കാം.മരിച്ച വ്യക്തിയുടെ തലയോട്ടി തുറന്ന് ക്രയോപ്രൊട്ടക്റ്റൻറ് നിറയ്ക്കുന്നു.എന്നാൽ ക്രയോപ്രൊട്ടക്റ്റൻറ് മാരകമായ വിഷമാണ്.വിഷ ദ്രാവകത്തിൽ മുങ്ങിക്കിടക്കുന്ന തലച്ചോറിന് എന്ത് സംഭവിക്കും എന്നത് ഊഹാപോഹംമാത്രമാണ്.
ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള ഇന്നത്തെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ ക്രയോണിക്സിൻ്റെ രീതികളേയും വിജയസാദ്ധ്യതകളെയും ചോദ്യംചെയ്യപ്പെടുന്നുണ്ട് .എന്നാൽക്രയോണിക്സിൻ്റെ ഇന്നത്തെ ലക്ഷ്യം ഓർമ്മ, വ്യക്തിത്വം എന്നിവ അടങ്ങിയ തലച്ചോറിൻ്റെ ഭാഗം സംരക്ഷിക്കുക മാത്രമാണെന്ന് അതിൻ്റെ വക്താക്കൾ പറയുന്നു. ഭാവിയിൽ മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെടുന്നതുവരെ മസ്തിഷ്ക്കം കേടുകൂടാതെ സൂക്ഷിക്കാൻ ഇതു ധാരാളമാണെന്നും അവർ അവകാശപ്പെടുന്നു.
ക്രയോപ്രിസർവേഷൻചെയ്യുന്നത് -196 ഡിഗ്രി സെൽഷ്യസിലാണ് . ഈ താപനിലയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള കോശങ്ങളുടെ ഇടയിൽ ഐസ് പാളികൾ രൂപപ്പെട്ട് കോശങ്ങൾ നശിക്കുവാൻ സാദ്ധ്യത വളരെ കൂടുതലാണ്. അതിന് മൃതശരീരത്തിൽ കൂടിയ അളവിൽ ക്രയോപ്രൊട്ടക്റ്റൻറ് ലായനി ഉപയോഗിച്ച് കോശങ്ങളിൽ നിന്നും ജലാംശം നീക്കംചെയ്യുന്നു.പിന്നീട് ഐസ് പാളികളുടെ രൂപവത്കരണത്തെ ചെറുക്കുന്ന രാസവസ്തുക്കൾ നിറയ്ക്കുന്നു. ഈ പ്രക്രിയ വലിയ ഒരളവുവരെ കോശങ്ങളിൽ തകരാറുകൾ ഉണ്ടാകാതിരിക്കുവാൻ സഹായിക്കുന്നു.
എങ്കിലും ശരീരം മുഴുവൻ ശീതീകരിക്കുന്നതുകൊണ്ട് കോശങ്ങൾക്കു പരുക്കുപറ്റാനുള്ള സാധ്യത തള്ളിക്കളയാൻകഴിയില്ല.ഐസ് പാളികൾ രൂപപ്പെടാതെയുള്ള ശീതീകരണത്തിന് വി ട്രിഫിക്കേഷൻ(vitrification) എന്നു പറയുന്നു. വിട്രിഫിക്കേഷൻ വഴി കോശങ്ങൾക്കു പരുക്കേൽക്കില്ലെങ്കിലും ഇതിനുപയോഗിക്കുന്ന രാസവസ്തുക്കൾ വിഷാംശം കലർന്നവയാണ്. ഈ വിഷാംശത്തിൻ്റെ സ്വഭാവം ഇതുവരെ വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.എന്നാൽ ഇവ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നാണ് ക്രയോണിക്സ് വക്താക്കളുടെ വാദം.
അമേരിക്കയിലെവിവിധ ഫൗണ്ടേഷനുകൾ വിട്രിഫിക്കേഷൻ മാർഗ്ഗം ക്രയോണിക്സിനു സ്വീകരിച്ചിരിക്കുന്നു. ഈ രീതിയിൽ ജന്തുക്കളുടെ തലച്ചോർ ആദ്യം ശീതീകരിക്കുകയും പിന്നീട് താപനില കൂട്ടിയശേഷം ഇലക്ട്രോൺ മൈക്രോസ്കോപ്പിക്കു വിധേയമാക്കുകയും ചെയ്തപ്പോൾ ഐസ് പാളികൾ മൂലം പരുക്കുകൾ ഉണ്ടാകുന്നില്ലഎന്ന്ക ണ്ടെത്തിയിട്ടുണ്ട്. രക്തചംക്രമണംതടസ്സപ്പെടുന്നതുമൂലം ഓക്സിജൻ്റെയും മറ്റ് അനുബന്ധഘടകങ്ങളുടെയും അഭാവത്താൽ കോശങ്ങൾക്കുണ്ടാകുന്ന തകരാറാണ് Ischemic damage. ഒരാൾ നിയമപ്രകാരം മരിച്ചതായി കണക്കാക്കപ്പെടുന്നതിന് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ Ischemic damage പരുക്കിനുള്ള സാധ്യതവളരെ കൂടുതലാണ്. ഈ നിലയിൽ തലച്ചോറിന് 4 മുതൽ 6 മിനിറ്റ് വരെമാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആധുനിക ശാസ്ത്രത്തിന് ഇതിലും കൂടുതൽ നേരം തലച്ചോറിനെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും അതിനാൽ Ischemic damage ഏൽക്കാതെ കൂടുതൽ സമയം തലച്ചോറിനെ സംരക്ഷിക്കാമെന്നുംക്രയോണിക്സ് വക്താക്കൾ പറയുന്നു.
ക്ലിനിക്കൽ മരണത്തിന് ശേഷം മാത്രമേ ക്രയോണിക്സ് നടപടിക്രമങ്ങൾ ആരംഭിക്കാൻ കഴിയൂ, ക്രയോണിക്സ് “രോഗികൾ” നിയമപരമായി മരിച്ചു മിനിറ്റുകൾക്കുള്ളിൽ ക്രയോണിക്സ് നടപടിക്രമങ്ങൾ ആരംഭിക്കണം. അവകാശ വാദങ്ങൾ ധാരാളം ഉണ്ടെങ്കിലും വിട്രിഫിക്കേഷന് ശേഷം ഒരു മൃതദേഹം പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല.കാരണം ഇത് ന്യൂറൽ നെറ്റ്വർക്കുകൾ ഉൾപ്പെടെ തലച്ചോറിന് നാശമുണ്ടാക്കുന്നതിനാലാണ്. ആയിരക്കണക്കിന് മൃതദേഹങ്ങൾ അമേരിക്കയിൽ ക്രയോപ്രൊസേർവ് ചെയ്തിട്ടുണ്ട്. അനേകം പേർ അവരുടെ മൃതദേഹങ്ങളുടെ ക്രയോപ്രൊസർവേഷന് ക്രമീകരണങ്ങൾ ചെയ്തിട്ടുമുണ്ട്.
ഇത്തരതിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് എന്ത് ചെലവ് വരും?കൃത്യമായ കണക്കുകൾ ലഭ്യമല്ല.1960 കളിലും 1970 കളിലും തുടങ്ങിയ പല സ്ഥാപനങ്ങളും പാപ്പരായി മൃതദേഹങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. എങ്കിലും പുനർജന്മം പ്രതീക്ഷിച്ചു അമേരിക്കയിലെ ക്രയോണിക്സ് സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ കാത്തിരിക്കുന്നു.
പുനർജന്മം ലഭിച്ചുകഴിഞ്ഞാൽ സാധാരണ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതനുസരിച്ചു ആത്മാക്കളും തിരിച്ചു ശരീരത്തിൽ പ്രവേശിക്കേണ്ടിവരും.സ്വർഗ്ഗത്തിലിരിക്കുന്ന ആത്മാക്കൾ തിരിച്ചുവരാൻ താല്പര്യം കാണിക്കില്ല.നരകത്തിൽ നിന്നും വരുന്ന ആത്മാക്കൾ ഭൂമിയുംകൂടി നരകമാക്കാനാണ് സാദ്ധ്യത.
അമേരിക്കക്ക് പുറത്തു ജർമ്മനി നിയമപരമായി ക്രയോണിക്സ് അംഗീകരിക്കുന്നുണ്ട്.പക്ഷെ,സ്ഥാപനങ്ങൾ ഒന്നുമില്ല.റഷ്യയിൽ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ഉണ്ട് അവരുടെ അഭിപ്രായത്തിൽ ഇത് ഒരു മണ്ടൻ ആശയം ആണ്.