എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.
“ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”
ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.
“വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസ്സിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മദ്രാസിലെ റസിഡൻറ് ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.”
ജെയിംസ് ബ്രൈയ്റ്റ് ഒരു മാനസ്സിക രോഗിയായിരുന്നു എന്നുപറഞ്ഞാൽ പോര ഒരു മുഴുഭ്രാന്തനായിരുന്നു.ഈ അറിവ് ശങ്കരൻ നായരുടെ മനസ്സിൽ ബ്രൈറ്റിനോട് ഉണ്ടായിരുന്ന പക കുറയുവാൻ കാരണമായി.
ശങ്കരൻ നായരും സഹപ്രവർത്തകരും ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.തലശ്ശേരി മൈസൂർ റെയിൽവേ ലൈനും മേമൻ റൂട്ട് ഉം എല്ലാം മൈസൂർ റെസിഡൻറി ൻ്റെ കീഴിലായിരുന്നു.ജെയിംസ് ബ്രൈറ്റിൻ്റെ മരണത്തോടെ അത് എല്ലാവരും അവഗണിച്ചു.മേമനേയും എല്ലാവരും മറന്നു തുടങ്ങിയിരുന്നു.കുടകിലെ വനത്തിൽ നായാട്ടിന് പോയി വന്ന ചിലർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം ശങ്കരൻ നായർ യാദൃശ്ചികമായി കേൾക്കാൻ ഇടയായി.
മാക്കൂട്ടത്തിനടുത്തു വനത്തിൽ ഒരു ആദിവാസി യുവതിയും നാലഞ്ച് കുട്ടികളും താമസിക്കുന്നുണ്ട്. അവർ ഏതാണ്ട് മുഴുപട്ടിണിയിലാണ് എന്നും സഹതാപം തോന്നി അവർ കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ അവർക്കു കൊടുത്തിട്ടു തിരിച്ചു പോന്നു,ഇതായിരുന്നു അവരുടെ സംഭാഷണത്തിൻ്റെ ചുരുക്കം.അത് മിന്നി,മേമൻ്റെ പെണ്ണ് ആണെന്ന് നായർക്ക് ഉറപ്പായിരുന്നു.മേമൻ്റെ മരണത്തോടെ അവർ പട്ടിണിയിൽ ആയിട്ട് ഉണ്ടാകും.വല്ലാത്ത ഒരു കുറ്റബോധം നായർക്ക് തോന്നി.മേമൻ്റെ മരണത്തിന് താനും ഒരു കാരണക്കാരൻ അല്ലെ?നിഷ്കളങ്കനായ ഒരു ആദിവാസി യുവാവിനെ ഒരു ഭ്രാന്തൻ്റെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു.നായർ ,നാരായണൻ മേസ്ത്രിയെ വിളിച്ചു.
തൻ്റെ കൂടെ മേമനെകൊല്ലിയിൽ വരാമോ എന്ന് ചോദിച്ചു.
“അച്ഛൻ എവിടെ പോയാലും ഞാനും കൂടെ വരും.”ഗീത പറഞ്ഞു.
അവർ മൂന്നു പേരും പിന്നെ സഹായത്തിന് ഏതാനും ജോലിക്കാരെയും കൂട്ടി കുറെ സാധങ്ങളുമായി മേമനെകൊല്ലിയിലേക്ക് പോയി.
അവിടെ,മേമനെ സംസ്കരിച്ച സ്ഥലത്തു് ഗീത ചന്ദന തിരികൾ കത്തിച്ചു വയ്ക്കുകയും കുറെ പൂക്കൾ കൊണ്ട് മേമൻ്റെ ശവകുടീരം അലങ്കരിക്കുകയും ചെയ്തു.മേമൻ്റെ ഊരിൽ അവർക്ക് ആരെയും കാണാൻ കഴിഞ്ഞില്ല.വിജനമായിക്കിടക്കുന്ന ഊരിൽ അവർ കുറെ സമയം ആരെങ്കിലും വരും എന്ന് വിചാരിച്ചു് കാത്തിരുന്നു.പക്ഷെ,അവരുടെ കാത്തിരിപ്പ് നിഷ്ഫലമായി.
അവർ ഭക്ഷണം തേടി പുറത്തുപോയിട്ടുണ്ടാകും എന്ന ചിന്തയിൽ കൊണ്ടുപോയ സാധനങ്ങൾ അവിടെ തകർന്ന് കിടന്നിരുന്ന ഒരു കുടിലിൽ വച്ചിട്ട് തിരിച്ചുപോന്നു.കുടകിൻ്റെ സമൂലമായ മാറ്റത്തിന് തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനി തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ എന്ന ആശയം ഉപേക്ഷിച്ചു.പകരം തലശ്ശേരിയേയും മൈസൂറിനേയും യോജിപ്പിച്ച് ഒരു റോഡ് പണിയുവാൻ ആരംഭിച്ചു.തലശ്ശേരി തുറമുഖവുമായി ബന്ധപ്പെടുന്നത് വന വിഭവങ്ങൾ കയറ്റി അയക്കുന്നതിന് വളരെ സൗകര്യപ്രദമായിരുന്നു.
പുതിയ റോഡിന് അവർ മേമനും ശങ്കരൻ നായരും കൂടി കണ്ടുപിടിച്ച മേമൻസ് റൂട്ട് ,തന്നെ ഉപയോഗിച്ചു.
മേമനെയും മേമനെകൊല്ലിയേയും ബന്ധപ്പെടുത്തി ധാരാളം കഥകൾ പ്രചരിച്ചുകൊണ്ടിരുന്നു.റോഡ് പണിക്കായി വന്ന ജോലിക്കാർ മേമനെകൊല്ലിയിൽ ഒരു ആദിവാസി യുവാവിനെയും അവൻ്റെ പടുകൂറ്റൻ നായയെയും സന്ധ്യാസമയങ്ങളിൽ കാണാറുണ്ട് എന്ന് ശ്രുതി പരന്നു.ചില സമയങ്ങളിൽ ഒരു നായ കുരയ്ക്കുന്നതും വനത്തിൽ നിന്ന് കേൾക്കാറുണ്ട് എന്ന് പറയുന്നു. അപമൃത്യു ആയതുകൊണ്ട് മേമൻ്റെ ആത്മാവു് അവിടെ ചുറ്റി തിരിയുകയാണന്ന് അവർ പരസ്പരം പറഞ്ഞു.ഈ കേട്ടുകേൾവികൾ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തി. മേമൻ്റെ ആത്മശാന്തിക്കായി അവർ പൂജകൾ ആരംഭിച്ചു.മേമനെകൊല്ലിയെ ചുറ്റിപറ്റി ആളുകളെ ഭയപ്പെടുത്തുന്ന ധാരാളം കഥകൾ പ്രചരിച്ചു.
എങ്കിലും റോഡുപണിക്കാരും ആദിവാസികളും മേമൻ്റെ ഊരിൽ താമസം ആരംഭിക്കുകയും ആ പ്രദേശം മേമനെകൊല്ലി എന്ന് അറിയപ്പെടുകയും ചെയ്തു.മാക്കുട്ടം മുതൽ മേമനെകൊല്ലി വരെയുള്ള റോഡുപണി പൂർത്തിയായ ദിവസം ശക്തിയായി മഴ പെയ്തു.മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ റോഡ് പൂർണമായി തകർന്നു പോയി.റോഡുപണി ഏറ്റെടുത്ത കമ്പനി പിന്നീട് പുനർനിർമ്മാണം നടത്തി.പക്ഷെ, ഏതാനും ദിവസം കഴിഞ്ഞ് ഉരുൾപൊട്ടലിൽ വീണ്ടും റോഡ് തകർന്നു.
ജെയിംസ് ബ്രൈറ്റിനോട് മേമൻ പ്രതികാരം ചെയ്യുന്നതാണ് ഇതിനെല്ലാം കാരണം എന്ന് ഊരിലുള്ള ആദിവാസികളും ഗ്രാമവാസികളും വിശ്വസിച്ചു.പ്രദേശവാസികൾ പ്രതികാര ദാഹിയായ മേമനെ ഭയപ്പെട്ടു..
* * *
ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിലെ വീട്ടി തടികളും ചന്ദനവും എല്ലാം ഇതിനിടയിൽ റോഡ് മാർഗം തലശ്ശേരിയിൽ എത്തിച്ചു് ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കടത്തിക്കൊണ്ടിരുന്നു.കുടകിലെ കർഷകർക്ക് നഷ്ടപ്പെടുന്ന വന സമ്പത്തിൻ്റെ മൂല്യത്തെക്കുറിച്ചു യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല.അവർക്ക് അല്ലെങ്കിലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.
ഈസ്റ്റ് ഇന്ത്യ കമ്പനി മാക്കൂട്ടത്തിലും വള്ളിത്തോട്ടിലും ചതുപ്പു നിറഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക റെയിൽ പാളങ്ങൾ സ്ഥാപിച്ചു് വനവിഭവങ്ങൾ കടത്തുന്നതിന് വേഗത കൂട്ടി.
മനുഷ്യസ്പർശം ഏൽക്കാത്ത കുടകിലെ വനങ്ങളിൽ ബ്രിട്ടീഷ്കാരുടെ കോൺട്രാക്റ്റർ മാർ കയറി ഇറങ്ങി കിട്ടാവുന്നതെല്ലാം കൊള്ള ചെയ്തു.ഗീതയുടെ വിവാഹം കഴിഞ്ഞു.
ഗീതയും ഭർത്താവും കണ്ണൂരേക്ക് താമസം മാറി.
അവിടെ ഗീതയും ഭർത്താവുംകൂടി “ഗീതാബേക്കറി ” ആരംഭിച്ചു. കണ്ണൂർ വന്ന് തൻ്റെ കൂടെ താമസിക്കാൻ മകൾ നായരെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.എത്ര നിർബ്ബന്ധിച്ചിട്ടും ശങ്കരൻ നായർ തലശ്ശേരി വിട്ടുപോകാൻ വിസമ്മതിച്ചു.
വാരാന്ത്യങ്ങളിൽ നായർ വല്ലപ്പോഴും മകളുടെ അടുത്തുപോകും.
ഗീത പോയതോടുകൂടി നായർ മൂകനായി കാണപ്പെട്ടു.
തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ശങ്കരൻ നായർ .നായരുടെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.ഒരു ദിവസം നായരെ കാണാതായി.
ശങ്കരൻ നായർക്ക് എന്തുപറ്റി?നായർ എവിടെ പോയി?എല്ലാവരും തമ്മിൽ തമ്മിൽ ചോദിച്ചു.നാരായണൻ മേസ്ത്രിയും, ഗീതയും പിന്നെ ദാനിയേൽ വൈറ്റ് ഫീൽഡും നായരെ അന്വേഷിച്ചു നടന്നു. പക്ഷേ യാതൊരു വിവരവും കിട്ടിയില്ല.നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടു എന്ന് ചിലർ പറഞ്ഞു.തലശ്ശേരി കടൽപാലത്തിൽ നിൽക്കുന്നത് കണ്ടു എന്ന് മറ്റുചിലർ.ഡിപ്രഷനായി നായർ ആത്മഹത്യ ചെയ്തു എന്ന് മറ്റു ചിലർ.തലശ്ശേരി നിവാസികൾക്ക് പരിചിതനായിരുന്ന നായരുടെ തിരോധാനം എല്ലാവരെയും സങ്കടത്തിലാക്കി.
ഗീതയും നാരായണൻ മേസ്ത്രിയും ശങ്കരൻ നായരെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് കുഞ്ഞിരാമേട്ടനെ പരിചയപ്പെടുന്നത്.വണ്ണം തീരെയില്ലാത്ത ,തലശ്ശേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “നൂലുപോലത്തെ കുഞ്ഞിരാമേട്ടൻ.”
വീരരാജ്പേട്ടയിൽ കാപ്പിയും വടയും വിറ്റു നടന്നിരുന്ന കുഞ്ഞിരാമേട്ടൻ ഉറപ്പിച്ചു പറഞ്ഞു,താൻ ശങ്കരൻ നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടിട്ടുണ്ട് എന്ന്.കുറച്ചു കാലങ്ങൾക്ക് മുൻപ് ശങ്കരൻ നായർ സൂക്ഷിക്കാൻ ഏൽപിച്ച സാധനങ്ങളുമായി കടന്നുകളഞ്ഞ അതേ കുഞ്ഞിരാമേട്ടൻതന്നെയാണ് ഇയാൾ.
.മേമനെകൊല്ലിയിൽ റോഡുപണിക്കാരെയും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികളെയും ഉദ്ദേശിച്ചു ഒരു കാപ്പിക്കട കുഞ്ഞിരാമേട്ടൻ തുടങ്ങിയിരുന്നു.അവിടെ നായർ വന്നിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.നായർ കുഞ്ഞിരാമേട്ടൻ്റെ കടയിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ വന്ന ഏതാനും റോഡ് പണിക്കർ തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു.അവരുടെ ഭാഷ മനസ്സിലാകാതിരുന്ന ശങ്കരൻ നായർ ചോദിച്ചു “ഇത് റോഡ് പണിക്കാരാണോ ?””അതെ.””അവർ എന്താണ് സംസാരിക്കുന്നത്.?””അടുത്ത വെള്ളിയാഴ്ച മേമനെകൊല്ലിയിലെ താറുമാറായി പോകുന്ന റോഡ് ഉറപ്പിക്കുന്നതിനായി അവർ ഒരു നരബലി നടത്തുന്ന കാര്യമാണ്.”പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ ഇവ ഉറച്ചു നിൽക്കുന്നതിനായി നരബലി നടത്തുക സാധരണമായിരുന്നു
“നരബലി?””കൂടെ കൂടെ പൂർത്തിയാക്കിയറോഡ് തകർന്നുപോകുന്നതിന് പരിഹാരമായി നരബലി നടത്തണം എന്നാണ് അവർ പറയുന്നത്. “ബ്രിട്ടീഷ് ഭരണകൂടം നരബലി നിരോധിച്ചിച്ചിരിക്കുന്നതുകൊണ്ട് വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്.”വളരെ രഹസ്യമാണ്.അവർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവരുടെ വിചാരം.ബലികൊടുക്കുന്നതു ഒരു ആദിവാസി യുവതിയെ ആണ് എന്നാണു അവർ പറഞ്ഞത്.എന്തെങ്കിലും ആകട്ടെ.നമുക്കെന്താ?”
നായർ എഴുന്നേറ്റു, ഒന്നും മിണ്ടാതെ മേമനെകൊല്ലിയിലെ ആദിവാസികൾ താമസിക്കു സ്ഥലത്തേക്ക് നടന്നുപോയി.നായരുടെ ഷർട്ടിനടിയിൽ അരയിൽ ഒരു റിവോൾവർ തിരുകി വച്ചിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.
കുഞ്ഞിരാമേട്ടൻ പിന്നാലെ ചെന്നു..ശങ്കരൻ നായർ പറഞ്ഞു,”കുഞ്ഞിരാമൻ തിരിച്ചു പൊയ്ക്കൊള്ളൂ”.
അതിനുശേഷം ശങ്കരൻ നായരെ കാണുകയുണ്ടായില്ല.
നരബലിക്കു നിശ്ചയിച്ചിരുന്ന ദിവസം രാത്രി പന്ത്രണ്ടു മണി.കുഞ്ഞിരാമേട്ടന് ഇരിപ്പുറയ്ക്കുന്നില്ല,നരബലി കാണണമെന്ന് ഒരു മോഹം.കുഞ്ഞിരാമേട്ടൻ ഒരു വലിയ മരത്തിന്പിന്നിൽ ഒളിച്ചിരുന്നു.രാത്രി പന്ത്രണ്ടു മണി ആയപ്പോൾ പത്തുപന്ത്രണ്ടാളുകൾ മിന്നിയെ പിടിച്ചുകെട്ടി മേമന് ബലികൊടുക്കുന്നതിനായി കൊണ്ടുവന്നു.
അവൾക്ക് അനക്കമുണ്ടായിരുന്നില്ല.രണ്ടുപേർ ചേർന്ന് അവളെ നിലത്തു് കിടത്തി. രണ്ടു പന്തം വെളിച്ചം കിട്ടാനായി കത്തിച്ചു വച്ചു ,പൂജ ആരംഭിച്ചു.പൂജയുടെ അവസാനം മിന്നിയുടെ അടുത്തേക്ക് പൂജാകർമം ചെയ്യുന്ന ആൾ ഒരു കൊടുവാളുമായി വന്നു, വാൾ ഉയർന്നു..ഒരു മിന്നൽ,എവിടെ നിന്നോ ഒരു വെടിപൊട്ടി.
അയാൾ മറിഞ്ഞു വീണു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സഹായി മിന്നിയുടെ അടുത്തേക്ക് ചെന്നു.വീണ്ടും ഒരു വെടി പൊട്ടി. രണ്ടുപേർ കൊടുവാളുകളുമായി പ്രകാശം കണ്ട സ്ഥലത്തേക്ക് കുതിച്ചു..
ദയനീയമായ ഒരു കരച്ചിലോടെ അവർ മറിഞ്ഞു വീണു.രണ്ടുപേരുടെയും വയർ മുറിഞ്ഞു കുടൽ മാലകൾ പുറത്തുചാടിയിരുന്നു.നിലത്തു കിടന്നിരുന്ന മിന്നി യുടെ അടുത്ത് വന്ന ഒരാൾ കഠാര ഉയർത്തി.അടുത്ത നിമിഷം അയാളും വെടിയേറ്റ് മറിഞ്ഞു വീണു..ഈ ബഹളത്തിനിടയിൽ ബാക്കിയുള്ളവർ അപകടം തിരിച്ചറിഞ്ഞു,ഓടി രക്ഷപെട്ടു.
ആജാനുബാഹുവായ ഒരു മനുഷ്യൻ ഉറച്ച കാൽ വയ്പ്പുകളോടെ അവിടേക്ക് വന്നു.മിന്നിയെ എടുത്തു തോളത്തു കിടത്തി.ഏതാണ്ട് പരിപൂർണ നഗ്നയായിരുന്നു അവൾ.ആ മനുഷ്യൻ അവളെയും തോളിൽ കിടത്തി വനത്തിനുള്ളിലേക്കു നടന്നുപോയി.
പക്ഷെ അത് ശങ്കരൻ നായരാണ് എന്ന് കുഞ്ഞിരാമേട്ടന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞില്ല.
കുഞ്ഞിരാമേട്ടൻ്റെ കഥകളുടെ അടിസ്ഥാനത്തിൽ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയേൽ വൈറ്റ് ഫീൽഡും വളരെയധികം അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും ശങ്കരൻ നായരെക്കുറിച്ച് യാതൊരു വിവരവും കിട്ടുകയുണ്ടായില്ല.
പലതവണ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയെൻ വൈറ്റ് ഫീൽഡും നായരേ അന്വേഷിച്ചു മേമനെകൊല്ലിയിൽ ചെന്നു.
.പക്ഷെ ആർക്കും ഒരു വിവരവും അറിഞ്ഞുകൂട കുഞ്ഞിരാമേട്ടൻ പറയുന്നത് ആരും വിശ്വസിച്ചില്ല.കാരണം കഥകൾ മെനയുന്നതിൽ കുഞ്ഞിരാമേട്ടൻ സമർത്ഥൻ ആയിരുന്നു..ഇതേ സമയത്തു് തലശ്ശേരിയിലെ ലൈറ്റ് ഹൗസിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ട ഒരു അസ്ഥികൂടം നായരുടേതാണെന്ന് മറ്റു ചിലർ ഉറപ്പിച്ചു പറഞ്ഞു.ഷർട്ടും മറ്റും നായരുടേതിനോട് സാമ്യമുണ്ടായിരുന്നു.
എങ്കിലും ഗീതക്ക് അത് തൻ്റെ അച്ഛനാണ് എന്ന് ഉറപ്പിക്കുവാൻ കഴിഞ്ഞില്ല.
നായരുടെ തിരോധാനം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അവശേഷിച്ചു.തലശ്ശേരിയുടെയും കുടകിൻ്റെ യും ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ട ശങ്കരൻ നായരും മേമനും ബ്രൈറ്റും എല്ലാം കാലക്രമേണ അവഗണിക്കപ്പെട്ടു.നാടൻ പാട്ടുകളിലും കെട്ടുകഥകളിലും അവരുടെ ചരിത്രം ഒതുങ്ങിപ്പോയി.
ഉരുൾ പൊട്ടലിലും പെരുമഴയിൽ പുഴയിലെജലനിരപ്പുയർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മേമനെകൊല്ലി ഏതാണ്ട് നാശത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നുമേമനെ കൊല്ലിയുടെ ചരിത്രം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. അതോടൊപ്പം ശങ്കരൻ നായരും മേമനും എല്ലാം.പക്ഷേ കാലത്തിൻ്റെ നിയോഗം മറ്റ് ഒന്ന് ആയിരുന്നു.
(തുടരും)
NOVEL PART-1 NOVEL PART -2 NOVEL PART – 3
NOVEL PART – 4 NOVEL PART -5 NOVEL PART -6
NOVEL PART -7 NOVEL PART – 8 NOVEL PART-9
NOVEL PART – 10 NOVEL PART -11 NOVEL PART 12