Cricket Sports

‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി

കളിക്കളത്തിലെ ഏത് സമ്മര്‍ദവും കൂളായി കൈകാര്യം ചെയ്യുന്ന കളിക്കാരനെന്നാണ് ധോണിയെ പലപ്പോഴും വിശേഷിപ്പിക്കാറ്. കളിക്കളത്തിന് പുറത്തുള്ള പരിപാടികളില്‍ കുസൃതിയും ചിരിയും നിറഞ്ഞ ധോണിയെയാണ് പലപ്പോഴും കാണാറ്. അത്തരമൊരു ധോണിയെയാണ് ചെന്നൈയില്‍ നടന്ന ഭാരത് മാട്രിമണി എന്ന വൈവാഹിക വെബ് സൈറ്റിന്റെ പരിപാടിക്കിടയിലും കണ്ടത്.

മാധ്യമങ്ങള്‍ക്ക് പൊതുവേ അഭിമുഖം നല്‍കുന്ന പതിവ് ധോണിക്കില്ല. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങളിലും ഉപഹാരങ്ങള്‍ നല്‍കുന്ന ചടങ്ങുകളിലും മാത്രമാണ് ധോണി പ്രത്യക്ഷപ്പെടാറ്. ഭാരത് മാട്രിമണിയുടെ മോഡലായ ധോണിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ് ധോണി ഭാരത് മാട്രിമണിയുടെ പൊതുവേദിയിലെത്തിയതും.

ചടങ്ങിനിടെ മാതൃകാ ഭര്‍ത്താവിനേക്കാള്‍ മികച്ച ഭര്‍ത്താവെന്നാണ് ധോണി സ്വയം വിശേഷിപ്പിച്ചത്. നര്‍മ്മം ചാലിച്ചുള്ള ധോണിയുടെ സംഭാഷണം സദസ് കയ്യടികളോടെയാണ് സ്വീകരിച്ചത്. മാതൃകാ ഭര്‍ത്താവാകാനുള്ള ചില സൂത്രവിദ്യകളും ധോണി പറഞ്ഞു.

‘ഞാന്‍ മാതൃകാ ഭര്‍ത്താവിനേക്കാള്‍ മികച്ച ഭര്‍ത്താവാണ്. കാരണം എന്റെ ഭാര്യ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ സമ്മതം മൂളാറുണ്ട്. ഭാര്യമാര്‍ സന്തോഷമായിരിക്കുമ്പോള്‍ മാത്രമേ ഭര്‍ത്താക്കന്മാര്‍ക്കും സന്തോഷത്തോടെയിരിക്കാന്‍ സാധിക്കൂ.

എന്റെ ഭാര്യയുടെ സന്തോഷം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ ഞാന്‍ സമ്മതം നല്‍കുമ്പോഴാണ്’ ഇത്രയും പറഞ്ഞ ധോണി ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു. ”വിവാഹത്തിന് മുമ്പ് വരെ പുരുഷന്മാര്‍ എല്ലാവരും സിംഹങ്ങളാണ്” ഇതും നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ലോകകപ്പിന് ശേഷം ധോണി സ്വയം ടീമില്‍ നിന്ന് മാറി നിന്നതോടെ താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍, ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലെ ധോണിയുടെ പ്രകടനം കാണുന്നതോടെ വിമര്‍ശകരുടെ വായടയുമെന്നാണ് രവിശാസ്ത്രി പറഞ്ഞത്.