India National

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്. മുളുന്ദ് എം.എല്‍.എയുടെ മകന്‍ രഞ്ജീത് സിങ് ഒരേ സമയം പി.എം.സി ബാങ്ക് ഡയറക്ടറും എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗവുമായിരുന്നു. ബാങ്കിന്‍റെ 12 ഡയറക്ടര്‍മാരുമായി ബി.ജെ.പിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ്‌ വല്ലഭ് ആരോപിച്ചു.

പി.എം.സി ബാങ്കിന്റെ പരമാവധി വായ്പ പരിധിയുടെ 75 ശതമാനം എച്ച്.ഡി.ഐ.എല്‍ അടക്കമുള്ള ബാധ്യതയുള്ള ‌സ്ഥാപനങ്ങള്‍ക്ക് ചട്ടം ലംഘിച്ച് നല്‍കി എന്നാണ് കേസ്. വായ്പയുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ അഴിമതി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി നഷ്ടത്തിലായ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിലടക്കം ആര്‍.ബി.ഐ നിയന്ത്രണം കൊണ്ട് വന്നു. ഇതെല്ലാം സംഭവിച്ചതില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ബാങ്ക് അഴിമതിയില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.