Entertainment Movies

‘സോറി ശക്തിമാന്‍’; ശക്തിമാനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷം ഉപയോഗിക്കുന്നതിനെതിരെ ‘യഥാര്‍ത്ഥ ശക്തമാന്‍’ രംഗത്തു വന്നതോടെ ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്ത് വന്നത്.

‘താന്‍ ആത്മാര്‍ത്ഥമായി തന്നെ അങ്ങേക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’; ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പി റൈറ്റിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും ഒമര്‍ ലുലു പറഞ്ഞു. ധമാക്കയില്‍ ഒരിക്കലും മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ലെന്നും പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്റ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജവും ലഭിക്കുന്നത് സ്വപ്നം കാണുകയാണെന്നും ഒമര്‍ ലുലു പറഞ്ഞു.

നേരത്തെ ഇതിന്റെ എഴുത്തുക്കാര്‍ സൂപ്പര്‍ മാനെ ആയിരുന്നു ഇത് പോലെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പിന്നീട് ഞങ്ങളുടെ ഒക്കെ ചെറുപ്പക്കാല തലമുറയെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും ഒമര്‍ കുറിപ്പില്‍ പറഞ്ഞു. തന്റെ ഈ ഖേദപ്രകടനം സ്വീകരിക്കുമെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നും പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് ഒമര്‍ ലുലു കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. തന്റെ ഭീഷം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മുകേഷ് ഖന്ന പരാതിയില്‍ പറയുന്നു. ശക്തിമാന്റെ വേഷവും സംഗീതവും അടക്കമുള്ളവ തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും തന്റെ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിക്കരുതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.