പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഉദ്യോഗസ്ഥരുടെയും ഇൻവിജിലേറ്റർമാരുടെയും വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം കേസിലെ അഞ്ചാം പ്രതി ഗോകുലിനെ മൂന്നു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. മൊഴി എടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പി.എസ്.സിയുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി പി.എസ്.സിക്കു കത്ത് നൽകി.സമഗ്രമായ അന്വേഷണം വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അതേസമയം കേസിലെ അഞ്ചാം പ്രതി പൊലീസുകാരനായ പി.എ. ഗോകുലിനെ മൂന്ന് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഗോകുലിനെ വിശദമായി ചോദ്യം ചെയ്‌താൽ പരീക്ഷ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ട് വരാൻ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂടാതെ പരീക്ഷ എഴുതാൻ ഉപയിഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ചും ഗോകുലിനോട് ചോദിച്ചറിയും. പി.എസ്.സി ക്രമക്കേട് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനെക്കാൾ നല്ലത് കോടിയേരി ബാലകൃഷ്‌ണൻ അന്വേഷിക്കുന്നതാണെന്നു കെ.മുരളീധരൻ എം.പി. പ്രതികരിച്ചു.