Kerala

ബംഗളൂരുവില്‍ നിന്നെത്തി ലോക്ഡൌണ്‍ ലംഘിച്ച് കറങ്ങിനടന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട്

ബംഗളൂരുവില്‍ നിന്നെത്തി കോട്ടയത്ത് കറങ്ങി നടന്ന രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട്. ബംഗലൂരുവില്‍ നിന്ന് വന്ന ഇവര്‍ വീട്ടില്‍ പോകാന്‍ ടൌണിലെ ചില ടാക്സികാരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ്സ്റ്റേഷനില്‍ എത്തുന്നത്.

കുമളി ചെക്ക്പോസ്റ്റ് കടന്നെത്തിയ തങ്ങളെ പാതിവഴിയില്‍ ബസ്സുകാര്‍ ഇറക്കിവിട്ടതാണെന്നായിരുന്നു യുവാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒരാള്‍ക്ക് പത്തനംതിട്ടയിലേക്കും മറ്റേയാള്‍ക്ക് ആലപ്പുഴയിലേക്കുമാണ് പേകേണ്ടതെന്ന് വ്യക്തമായി. എന്നാല്‍ പാസില്ലാതെ ജില്ലയില്‍ പ്രവേശിച്ചതിന് അടൂര്‍ സ്വദേശി വിനോദ് നെടുമുടി സ്വദേശി ജീവൻ എന്നിവര്‍ക്കെതിരെ കേസെടുത്തു.

ഇവരെ അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഇറക്കിവിട്ട് പോയ ബസ്സ് പിറവത്ത് നിന്നും പൊലീസ് പിടികൂടി. ബസ്സ് ജിവനക്കാര്‍ക്കെതിരെയും കേസുണ്ട്. 25 ലധികം പേരുമായാണ് ബസ് എത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. ആളുകളെ കേരളത്തിലേക്ക് എത്തിക്കാന്‍ ബസ്സിന് പാസുണ്ടെന്നും ബാക്കിയുള്ളവരെ കൃത്യമായ സ്ഥലങ്ങളിലാണ് ഇവര്‍ ഇറക്കി വിട്ടതെന്നും ജില്ല പോലസ് മേധാവി പറഞ്ഞു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ മാത്രമാണ് അശ്രദ്ധ കാണിച്ചതെന്നും പൊലീസ് അറിയിച്ചു