World

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലൻസ്‌കി

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി. യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി. അർത്ഥവത്തായ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.

അധിനിവേശത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം, യുക്രൈനിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ശ്രമം. മരിയുപോളിന്റെ തെരുവുകളിൽ റഷ്യൻ സേന വ്യാപക വെടിവയ്പ്പ് നടത്തുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ലെന്ന് മേയർ വാദിം ബോയ്‌ചെങ്കോ അറിയിച്ചു. മിക്കോളാവിൽ ഇന്നലെ ശക്തമായ വ്യോമാക്രമണം നടന്നു.

യുക്രൈനിൽ ഇതുവരെ ആറ് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് സ്വിസ് ഗ്രൂപ്പ് അറിയിച്ചു. മാനുഷിക ഇടനാഴിയിലൂടെ 6623പേരെയാണ് ശനിയാഴ്ച ഒഴിപ്പിക്കാനായത്. അതേസമയം യുക്രൈനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു. ഇതിനിടെ യുദ്ധവും ഉപരോധവും കാരണം രാജ്യംവിട്ട കമ്പനികൾ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കിൽ റഷ്യ 10 വർഷത്തെ വിലക്കേർപ്പെടുത്തും. യുദ്ധം കഴിയുമ്പോൾ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികൾ പൂട്ടി രാജ്യം വിട്ടത്.

അതേസമയം റഷ്യക്കെതിരായ ഉപരോധങ്ങൾ ഓസ്‌ട്രേലിയ ശക്തമാക്കി. റഷ്യയിലേക്ക് അലൂമിനിയവും അയിരുകളും കയറ്റുമതി ചെയ്യേണ്ടെന്നാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. റഷ്യയെ സഹായിക്കരുതെന്ന് ചൈനയോടും റഷ്യൻ സമ്പന്നരുടെ പണം മരവിപ്പിക്കണമെന്ന് സ്വിറ്റ്‌സർലൻഡിലെ ബാങ്കുകളോടും യുക്രൈൻ ആവശ്യപ്പെട്ടു.