യുദ്ധം ലോകരാജ്യങ്ങളെ ആകെ പിടിച്ചുകുലുക്കിയ ഘട്ടത്തില്‍ റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി പറഞ്ഞു.
സൈന്യത്തെ സംഘര്‍ഷ പ്രദേശത്തേക്ക് അയയ്ക്കില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കടുത്ത നീരസം പ്രകടിപ്പിച്ചുകൊണ്ട് വൈകാരികമായാണ് സെലന്‍സ്‌കി പ്രതികരിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണ്. യുക്രൈന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 യുക്രൈനികള്‍ മരിച്ചെന്നും സെലന്‍സ്‌കി അറിയിച്ചു. 316 പേര്‍ക്കാണ് പരുക്കുകള്‍ പറ്റിയതെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്ക അല്‍പ സമയം മുന്‍പ് അറിയിച്ചത്. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. അമേരിക്കയിലുള്ള റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.