World

റഷ്യന്‍ അധിനിവേശം; ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തി

യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ച അവസാനിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം അധിനിവേശത്തിന്റെ 23ാം ദിവസം യുക്രൈന് മേലുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ യുദ്ധത്തില്‍ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. ഇതോടെ ആക്രമണം പടിഞ്ഞാറന്‍ യുക്രൈനിലേക്കും റഷ്യ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്‌സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല. ഏഴായിരത്തിലധികം റഷ്യന്‍ സൈനികര്‍ ഇതിനോടകം യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധം നയിക്കുന്ന 20 പ്രധാന ജനറല്‍മാരില്‍ നാല് പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇതോടെ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നതായി റഷ്യ പദ്ധതിയിട്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.