World

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം, ഭരണത്തുടർച്ച തേടി ട്രംപ്

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്.

മാസങ്ങള്‍ നീണ്ട സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയ. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും ആഭ്യന്തരമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍. ഒടുവില്‍ ട്രംപും ബൈഡനുമെന്ന രണ്ട് സ്ഥാനാര്‍ഥികള്‍.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ഡോണള്‍ഡ് ട്രംപെന്ന പ്രസിഡന്റ് ഇനി ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ അത് രാജ്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഡമോക്രാറ്റുകള്‍ പ്രചരിപ്പിച്ചത്. കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് രീതികളിലും വ്യത്യാസം വന്നു. 9 കോടി ജനങ്ങള്‍ നവംബര്‍ മൂന്നിന് മുന്‍പേ വോട്ട് ചെയ്തു കഴിഞ്ഞു. ഓരോ സംസ്ഥാനത്തും വോട്ടെടുപ്പിന് വ്യത്യസ്ത സമയാണ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം മൂന്നര മുതല്‍ നാളെ രാവിലെ ആറര വരെ നീണ്ടുനില്‍ക്കും വോട്ടെടുപ്പ് സമയം.

വൈസ് പ്രസിഡന്റ് പദത്തിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മൈക് പെന്‍സും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസും മത്സരിക്കുന്നു. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ ചില സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഇലക്ടറല്‍ കോളജ് വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. അത് അത്ര പെട്ടെന്ന് സാധ്യമാവില്ല. ഇത്തവണ കുറച്ച് ദിവസങ്ങള്‍ അതിനായി കാത്തിരിക്കേണ്ടി വരും, അടുത്ത വര്‍ഷം ജനുവരി 20നാണ് അടുത്ത പ്രസിഡന്‍റ് അധികാരത്തിലേറേണ്ടത്.