World

അന്താരാഷ്ട്ര വനിതാ ദിനം; പ്രാധാന്യം, ചരിത്രം, ഈ വര്‍ഷത്തെ പ്രമേയം

വനിതകള്‍ക്കായി ഒരു ദിനം, അതിന്റെ പ്രാധാന്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതകള്‍ക്കുവേണ്ടി ഒരു പ്രത്യേക ദിവസം വേണോ എന്ന വിമര്‍ശനങ്ങളും ഓരോ വനിതാ ദിനത്തിലും ഉയര്‍ന്നുവരാറുണ്ട്.( What is the importance of International Women’s Day)

എന്താണ് അന്താരാഷ്ട്ര വനിതാ ദിനം?

സമൂഹത്തില്‍ സ്ത്രീകളുടെ നേട്ടങ്ങളാഘോഷിക്കാനും അവരുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുമുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ യുഎസില്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ വനിതാ ദിനമാഘോഷിക്കുന്നതിന്റെ വേരുകളുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടുന്നതിനായിരുന്നു അത്.

1911ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി അണിനിരന്നതാണ് ആദ്യ വനിതാ ദിന ആഘോഷമായി കണക്കാക്കുന്നത്. ഈ സംഭവത്തിന് ശേഷം വനിതാ ദിനാഘോഷങ്ങളുടെ വ്യാപ്തി ലോകമെമ്പാടും വര്‍ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെ അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു.

1977ലാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആഘോഷത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. ചൈന, റഷ്യ, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിവസം പൊതു അവധിയായാണ് ആഘോഷിക്കുന്നത്.
‘ഡിജിറ്റ് ഓള്‍; സാങ്കേതിക വിദ്യയും നവീകരണവും ലിംഗസമത്വത്തിനായി’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയം.

യുഎന്നിന്റ കണക്കനുസരിച്ച് ലോകത്ത് പുരുഷന്മാരെക്കാള്‍ 259 ദശലക്ഷം സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താനും ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്ന് യുഎന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

എന്തിന് വനിതാ ദിനം?

ലിംഗസമത്വത്തിനുള്ള പോരാട്ടത്തില്‍ ധാരാളം വികസനം സംഭവിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ദീര്‍ഘകാല പ്രശ്‌നങ്ങളിലൊന്നാണ് എന്നും.

ലോകാരോഗ്യ സംഘനടയുടെ 2021ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക അതിക്രമങ്ങള്‍ക്കോ ലൈംഗിക അതിക്രമത്തിനോ ഇരയാകുന്നു. സമീപ വര്‍ഷങ്ങളില്‍ ട്രാന്‍സ് വനിതകളുടെ പങ്കാളിത്തം കൂടി വര്‍ധിച്ചതോടെ അന്താരാഷ്ട്ര വനിതാ ദിനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. അവകാശങ്ങള്‍ക്കുള്ള അവബോധം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നിരിക്കെ സ്ത്രീകളുടെ വിവിധ മേഖലകളിലെ നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.