അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി. ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൂടുതൽ കപ്പലുകളും അന്തർവാഹിനികളുമെത്തിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും.
കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ടൈറ്റനിലെ അഞ്ച് യാത്രക്കാരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം.